കൊച്ചി: നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്തു താമസിച്ചു രാത്രിയില്‍ കറങ്ങി നടന്നു ഹോസ്റ്റലുകളിലും ദീര്‍ഘ ദൂര ട്രെയിനുകളിലും മൊബൈല്‍ മോഷണം നടത്തിയിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ് ഗുല്‍ജാര്‍ (18) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഇരുപതോളം വിലകൂടിയ മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തിയത്.
ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്തുന്നതിനായി ഇവ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് നോര്‍ത്ത് എസ്ഐ അനസ് പറഞ്ഞു. ഹോസ്റ്റലുകളിലും മറ്റും മൊബൈല്‍ മോഷണം വര്‍ധിച്ചതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചുള്ള അന്വഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
നോര്‍ത്ത് പാലത്തിനടിയില്വച്ചു സംശയകരമായി നാലു മൊബൈല്‍ ഫോണുകളുമായി സയ്യദ്, ഗുല്‍ജാര്‍ എന്നിവരാണ് ആദ്യം പിടിയിലായത് തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ പരിശോധന നടത്തവേ ഫരീദ് കൂടി പിടിയിലായി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവരുടെ ബാഗില്‍നിന്നും ഇരുപതോളം വിലകൂടിയ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിയത്.
ഇതില്‍ മൂന്നെണ്ണം കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഒരു ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍നിന്നും മോഷണം നടത്തിയവയായിരുന്നു. ബാക്കിയുള്ള ഫോണുകളുടെ ഉടമകളെ കണ്ടെത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.