പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷും പാർട്ടിയും വാളയാറിൽ നടത്തിയ മിന്നൽ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൾ ജലീലിനെ അറസ്റ്റു ചെയ്തു.പഴനി കേന്ദ്രമായി പ്രവർത്തിക്കുന്ന ആറുപേർ അടങ്ങുന്ന നർകോട്ടിക് സീക്രട്ട് ഏജൻസി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. സുലേഷ് കുമാറിനു നല്കിയ വിവരങ്ങൾ അനുസരിച്ചായിരുന്നു പരിശോധന.
പ്രതിയുടെ ചിത്രവും കാറിന്റെ വിവരങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് സ്ക്വാഡ് പാർട്ടി രണ്ടു ടീമായി തിരിഞ്ഞ് വാഹന പരിശോധന നടത്തുകയായിരുന്നു. ആദ്യ ടീം വാളയാർ മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിനും സമീപത്തുവച്ച് നാനോ കാറിനു കൈ കാണിച്ചെങ്കിലും പ്രതി വാഹനം നിർത്താതെ ഓടിച്ചുപോയി.
സ്ക്വാഡിന്റെ രണ്ടാമത്തെ ടീം വാളയാർ ടോൾ പ്ലാസയിൽ വച്ച് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ പിൻഭാഗത്തെ സീറ്റിനടിയിൽ രഹസ്യഅറ നിർമിച്ച് അതിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറ തുറക്കാനുള്ള സ്വിച്ച് ഡ്രൈവർസീറ്റിനടിയിൽ ക്രമീകരിച്ച നിലയിലായിരുന്നു.
ആഡംബര മത്സ്യങ്ങൾ വില്പന നടത്തുന്നതിന്റെ മറവിലാണ് പ്രതി കഞ്ചാവുവിൽപന നടത്തിയത്. കുട്ടികളെ ആകർഷിക്കാനും നാട്ടുകാർക്കു സംശയം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ആഡംബര മത്സ്യവിൽപന തെരഞ്ഞെടുത്തതെന്നു പ്രതി മൊഴിനല്കി. തിരുപ്പൂരിനടുത്തുള്ള ധാരാപുരത്തുനിന്നും ഒരു ലക്ഷം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നുദിവസം മുൻപ് ഇതുപോലെ കഞ്ചാവു കടത്തിയതിന്റെ വിവരങ്ങളും എക്സൈസിനു ലഭിച്ചു.
കേസന്വേഷണം എക്സൈസ് ക്രൈം ബ്രാഞ്ചിനു കൈമാറാനുള്ള നടപടി സ്വീകരിക്കുമെന്നു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി.വേണുഗോപാലകുറുപ്പ് അറിയിച്ചു. പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മൻസൂർ അലി, വെള്ളക്കുട്ടി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ഷിജു, ആർ. ഉണ്ണികൃഷ്ണൻ, ടി.വി.അഖിൽ, സി. പ്രവീണ്, സി.വിശാഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ.ലിസി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പുതുനഗരത്ത് കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾ കടന്നു
പുതുനഗരം: പുതുനഗരം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും ബാഗിൽ സൂക്ഷിച്ച 3.200 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷൻ പരിസരത്തു കഞ്ചാവ് വില്പന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘത്തെ കണ്ട് രണ്ടുപേർ ബാഗ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തിയ കഞ്ചാവിനു ചില്ലറവിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിവരുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രമിന്റെ നിർദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പുതുനഗരം എസ്ഐ പി.എസ്. സുനിൽകുമാർ, എസ്ഐ ടി.ശശികുമാർ, എഎസ്ഐ ശ്രീകുമാർ, എസ്സിപിഒ അനന്തകൃഷ്ണൻ, സിപിഒ മാരായ സന്തോഷ്, അനിൽകുമാർ, ഡാൻസാഫ് സ്ക്വാഡ് എസ്ഐ എസ്.ജലീൽ, വി.ജയകുമാർ, ആർ. വിജയാനന്ദ്, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ.വിനീഷ് ,ആർ രാജീദ്, എസ്.ഷനോസ്, എച്ച്. ഷാജഹാൻ, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.