പേരാമ്പ്ര : പട്ടാണിപ്പാറ മുടിയന്‍ചാലില്‍ പണം പയറ്റില് പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായ സംഭവത്തെക്കുറിച്ചു അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരില്‍ 20ഓളം പേര് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.
മുടിയന് ചാല് സ്വദേശിയുടെ പണം പയറ്റില് പങ്കെടുത്ത 200 ഓളം പേരില്‍ രാത്രി 7.30ന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥഥകൾ അനുഭവപ്പെട്ടത്. പേരാമ്പ്രയിലെ ഒരു ചപ്പാത്തി കമ്പനിയില്‍ നിന്നുമാണ് ചപ്പാത്തിയും വെള്ളാപ്പവും വാങ്ങിയത്. ഇതില്‍ ചപ്പാത്തി കഴിച്ചവര്‍ക്ക് മാത്രമാണ് വയറിളക്കവും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടത്.
ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും വീടുകളിലേക്ക് പോയി. ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഏറെയും ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ മേപ്പയ്യൂര്‍ സ്വദേശിയുമാണ്. ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.