കോട്ടയം: കള്ളനെ പിടിക്കാൻ സ്ഥാപിച്ച സിസി കാമറയും അടിച്ചുമാറ്റി കള്ളൻ കടന്നു. കോട്ടയം പൊത്തൻപുറം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയോട് അനുബന്ധിച്ചുള്ള ബ്ലോസം വാലി സ്കൂൾ ഓഫ് എയ്ഞ്ചൽസിലാണു കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ കള്ളൻ വിളയാടിയത്.
ഓഗസ്റ്റിൽ സ്കൂളിൽ മോഷണ ശ്രമമുണ്ടായതിനെ തുടർന്നാണു നിരീക്ഷണത്തിനായി കാമറ സ്ഥാപിച്ചത്. നാലു കാമറകളാണു സ്ഥാപിച്ചിരുന്നത്. മോഷണത്തിനെത്തിയ കള്ളൻ ഇതിൽ ഒന്നുമായി കടക്കുകയായിരുന്നു. കാമറകളിൽ രണ്ടെണ്ണം മുകളിലേക്കു തിരിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതു സഹിതമാണു പോലീസിൽ പരാതി നൽകിയത്. പഴയ മോഷണ കേസിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണു വീണ്ടും മോഷണം നടന്നത്.
രണ്ടു മാസം മുന്പ് സ്കൂളിന്റെ ഗേറ്റിന്റെ താഴും കതകിന്റെ പൂട്ടുകളും തകർത്തു കയറിയ മോഷ്ടാവ് മുറികളിലെ സാധനങ്ങൾ വാരി വലിച്ചു നിലത്തിട്ടിരുന്നു. കുറച്ചു രൂപയും ലാപ്ടോപ്പും കവർന്നു. ഓഫിസിന്റെ താഴ് തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും തുറക്കാൻ സാധിച്ചില്ല.