ഹരിപ്പാട് : അപ്രതീക്ഷിതമായി തകർത്തുപെയ്ത മഴയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ചെളിക്കുളമായി മാറി. സദസിലിരുന്നവർ ചെളിയിൽ ചവിട്ടി ഇരിക്കേണ്ട ഗതികേടിലുമായി. കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യാതിഥിയായി പങ്കെടുത്ത നടി നവ്യനായരും ചെളിവെള്ളത്തിൽ ചവിട്ടി പ്രയാസപ്പെട്ടാണ് വേദിയിലെത്തിയത്.
വേദിയിൽ നിന്ന് തിരികെ പോകാൻ ചെളിയുടെ മുകളിൽ ഒരുപലക ഇട്ടെങ്കിലും എന്നെ ഒന്നുസഹായിക്കണമേ എന്ന് ഒടുവിൽ നവ്യനായർക്ക് സംഘാടകരോട് അപേക്ഷിക്കേണ്ടിവന്നു. കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്നതിനിടയിൽ രമേശ് ചെന്നിത്തലയ്ക്ക് ഗ്രൗണ്ടിൽ നിറഞ്ഞുകിടന്ന ചെളി വീണ്ടും വില്ലനായി.
രമേശ് ചെന്നിത്തലയുടെ വാഹനം ചെളിയിൽ പുതഞ്ഞു. ഒടുവിൽ കലോത്സവം കാണാനെത്തിയവരിൽ ചിലർ ചേർന്ന് ശക്തിയിൽ വാഹനം തള്ളിയാണ് മുന്നോട്ട് കയറ്റിയത്. പിന്നീട് കലോത്സവം കാണാനെത്തിയവരുടെയും അധ്യാപകരുടെയും വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ് പ്രയാസപ്പെടുന്ന രംഗവും ഉദ്ഘാടന വേദിയിലെ ദുരിതകാഴ്ചയായി.