ചെറുതോണി: ഇടുക്കി എൽഎ ഓഫീസിലെത്തിയ കളക്ടറേറ്റിലെ ജീവനക്കാരിയോട് ഡപ്യൂട്ടി തഹസീൽദാർ അപമര്യാദയോടെ പെരുമാറിയതായി പരാതി. ഇടുക്കി കളക്ടറേറ്റിലെ ക്ലാസ് ഫോർ ജീവനക്കാരിയാണ് എൽഎ ഡെപ്യൂട്ടി തഹസീൽദാർക്കെതിരേ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവനക്കാരിയുടെ ഭർത്താവിന്റെ തങ്കമണിയിലുള്ള സ്ഥലത്തിന് ലഭിച്ച പട്ടയത്തിൽ നന്പർ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ താലൂക്ക് ഓഫീസിൽനിന്ന് അന്വേഷണം നടത്തി ഫയൽ അസൈന്റ്മെന്റ് ഓഫീസിൽ നൽകിയിരുന്നു.
ഇതിനിടെ ജീവനക്കാരിയുടെ ഭർത്താവ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ജീവനക്കാരി അസൈന്റ്മെന്റ് ഓഫീസിലെത്തി വിവരം തിരക്കിയപ്പോൾ ഫയൽ കാണാനില്ലെന്നും ആറാംതീയതി വരാൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇവർ ആറിന് രാവിലെ 11.30-ന് എൽഎ ഓഫീസിലെത്തിയപ്പോൾ ഡെപ്യൂട്ടി തഹസീൽദാർ ഭീഷണിയോടെയും അശ്ലീല ചുവയോടെയും സംസാരിച്ചതായാണ് പരാതി.
ഓഫീസിലെത്തിയ ആളുകളുടെ മുന്നിൽവച്ച് തന്നെ അപമാനിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ഇവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.