പീരുമേട്: അമിതവേഗം ചോദ്യംചെയ്ത യാത്രക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തതായി പരാതി. കൊല്ലത്തുനിന്നും കൂട്ടാറിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെതിരേയാണ് പരാതി. പള്ളിക്കുന്ന് സ്വദേശിനി സോണിയയാണ് പീരുമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച രാവിലെ പള്ളിക്കുന്നിൽനിന്നും മൂന്നാംമൈലിലേക്ക് പോകാൻ ബസിൽ കയറിയ സോണിയ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തിരുന്നു. ബസ് പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾ നടുവിന് ക്ഷതം ഏറ്റതിനാലാണ് അമിതവേഗം ചോദ്യംചെയ്തത്. തുടർന്ന് ടിക്കറ്റ് കൊടുക്കാനെത്തിയ കണ്ടക്ടർ മൂന്നാംമൈലിൽ സ്റ്റോപ്പില്ലെന്നും നിർത്താൻ കഴിയില്ലെന്നും പറഞ്ഞു.
തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ സോണിയയുടെ വിരലിൽപിടിച്ചു തിരിക്കുകയും അസഭ്യം പറയുകയും അഞ്ചേക്കർ എൽപി സ്കൂളിനു സമീപം ഇറക്കിവിടുകയും ചെയ്തതായാണ് പരാതി.