സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ലോക്സഭയിൽ കാണാതിരുന്ന രാഹുൽ ഗാന്ധിയെ കാര്യമായി തിരക്കി സ്പീക്കർ ഓം ബിർള. രാഹുൽ എവിടെ, അദ്ദേഹത്തിനൊരു ചോദ്യം ചോദിക്കാനുള്ള അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നാണ് ഇന്നലെ സ്പീക്കർ പറഞ്ഞത്. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ രാഹുലിന്റെ പേരിൽ കേരളത്തിന് വേണ്ടിയുള്ള ഒരു ചോദ്യം ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതുൾപ്പെടെ വിവിധ മന്ത്രാലയങ്ങളോട് കേരളത്തിനു വേണ്ടി പത്തു ചോദ്യങ്ങളാണ് ഈ ആഴ്ച രാഹുലിന്റെ പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലോക്സഭ ചോദ്യപ്പട്ടികയിൽ 28-ാമതായി ആയിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. നേരിട്ട് വന്നു ചോദിച്ചില്ലെങ്കിലും കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ രാഹുലിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. പ്രളയം മൂലം തകർന്ന പ്രാദേശിക റോഡുകളുടെയും ചെറു പാലങ്ങളുടെയും പുനർനിർമാണത്തിനായി കേരള സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം. ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് തന്റെ വിഷയം അവതരിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്നപ്പോഴായിരുന്നു സ്പീക്കർ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധിച്ച് അദ്ദേഹം എവിടെ എന്നു തിരക്കി വയനാട് എംപിയുടെ ചോദ്യത്തെക്കുറിച്ചു പറഞ്ഞത്. കൊടിക്കുന്നിലിനോട് തൊട്ടടുത്തുള്ള തന്റെ സ്വന്തം ഇരിപ്പിടത്തിലേക്ക് മാറിയിരുന്നു സംസാരിക്കാൻ സ്പീക്കർ നിർദേശിക്കുകയും ചെയ്തു.
2018 ഓഗസ്റ്റിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായി കേരള സർക്കാർ അപേക്ഷ നൽകി നൽകിയിട്ടുണ്ടെന്നാണ് ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ രാഹുലിന്റെ ചോദ്യത്തിന് രേഖാ മൂലം മറുപടി നൽകിയത്. എന്നാൽ, മാനദണ്ഡം അനുസരിച്ച് പ്രാദേശിക റോഡുകൾ സംസ്ഥാന വിഷയമാണ്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ പെടുത്തി നിർമിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
എങ്കിലും കേരള സർക്കാരിന്റെ അപേക്ഷ പ്രത്യേകമായി പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേരളത്തിലെ പ്രളയ ദുരന്തം പരിഗണിച്ച് ഇത് നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച മന്ത്രിതല സമിതിയുടെ കേന്ദ്ര സമിതിയ്ക്ക് മുന്നിൽ കേരളത്തിന്റെ അഭ്യർഥന എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക്സഭയിൽ ഹാജരാകുന്നില്ലെന്ന് ഭരണപക്ഷ പരിഹാസങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ പേരിൽ പത്തു ചോദ്യങ്ങളാണ് ഈ ആഴ്ച മാത്രം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മിക്കതും കേരളവുമായി ബന്ധപ്പെട്ടുള്ളതാണ്. കേരളത്തിലെ പ്രളയത്തിനു ശേഷം ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ആദിവാസികാര്യ മന്ത്രാലയത്തോടാണ് ഒരു ചോദ്യം. ബിഹാർ, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രളയാനന്തരം നൽകിയ ധനസഹായം സംബന്ധിച്ചുള്ളതാണ് മറ്റൊന്ന്. റെയിൽവേ, ഗ്രാമവികസനം, ഉപരിതല ഗതാഗതം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളോടും രാഹുലിന്റെ ചോദ്യങ്ങളുണ്ട്.
വയനാട് എംപിയായതിനു ശേഷമുള്ള തന്റെ ആദ്യ സഭാ സെഷനിൽ നക്ഷത്രചിഹ്നമിടാത്ത രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. ബന്ദിപ്പൂർ നാഷണൽ പാർക്ക് പാതയിലൂടെയുള്ള രാത്രിഗതാഗത നിരോധനം നീക്കുന്നത് സംബന്ധിച്ച് വനമന്ത്രാലയത്തോടും കർഷകരുടെ വായ്പകൾക്കു മേൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഗ്രാമവികസ മന്ത്രാലയത്തോടുമായിരുന്നു ഈ ചോദ്യങ്ങൾ. നിലവിൽ വിദേശത്തുള്ള രാഹുൽ ഗാന്ധി ശീതാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഉടൻ തിരിച്ചെത്തുമെന്നാണ് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.