മുക്കം: കൂടത്തായ് കൊലപാതക പരമ്പരയിലെ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായിരുന്ന ഷാജുവിനെ മണിക്കൂറോളം ചോദ്യം ചെയ്തു. മുക്കം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ സി.കെ. ബിജുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. 12 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രണ്ട് മണി വരെ നീണ്ടു. സിലിയെ മൂന്ന് തവണ അപായപ്പെടുത്താൻ ശ്രമിച്ചു എന്നും ഇതിൽ മൂന്നാം തവണയാണ് മരിച്ചതെന്നും ജോളി മൊഴി നൽകിയിരുന്നു.
സിലിയെ കൊന്നതാണന്ന് ഷാജുവിന് അറിയാമായിരുന്നു എന്നും രണ്ട് തവണ തന്നെ സഹായിച്ചിരുന്നു എന്നും ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
നേരത്തെ ജോളിയേയും ഷാജുവിനേയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ജോളിയുടെ ആരോപണങ്ങളെല്ലാം ഷാജു തള്ളിയിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതിരുന്ന അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.
പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം ഷാജു ജോലി ചെയ്തിരുന്ന ആനയാംകുന്ന് ഹയർ സെക്കന്‍ഡറി സ്കുളിലെത്തിയും അന്വേഷണ സംഘം തെളിവെകൾ ശേഖരിച്ചു. സിലി മരിച്ച ദിവസം ഷാജു സ്കൂളിൽ വന്നിരുന്നോ, എത്ര ദിവസം ലീവെടുത്തു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്.
ഷാജുവിന്റെ സഹപ്രവർത്തകരിൽ നിന്നെല്ലാം വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ജോളിയുമായുള്ള വിവാഹശേഷം രണ്ടുപേരും സ്കൂളിൽ വന്നിരുന്നോ ,അധ്യാപകരും സഹപ്രവർത്തകരുമെല്ലാം ഷാജുവിന്റെ വീട്ടിൽ പോയിരുന്നോ, കല്യാണദിവസം ഷാജു ഏറെ സന്തോഷവാനായിരുന്നോ തുടങ്ങിയ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടരയോടെ സ്കൂളിലെത്തിയ അന്വേഷണ സംഘം 5.30 ഓടെയാണ് തിരിച്ചു പോയത്. സ്കൂളിലെ അറ്റന്റൻസ് രജിസ്റ്ററും കൊണ്ട് പോയതായും സൂചനയുണ്ട്.