തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. താൻ ഉദ്ദേശിച്ചത് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് സംഘടനകളെയാണെന്നും അവരാണ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നും മോഹനൻ വിശദീകരിച്ചു.
താൻ പറഞ്ഞത് യാഥാർഥ്യമാണ്. എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് സംഘടനകളെയാണ് താൻ ഉദ്ദേശിച്ചത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലായിരുന്നു തന്റെ പരാമർശം. അതിൽ ഉറച്ചുനിൽക്കുന്നു. മുൻകാലത്ത് മാവോയിസ്റ്റ് നേതാക്കളായിരുന്നവർ ഇപ്പോൾ ഈ സംഘടനകളുടെ ഭാഗമാണ്. പന്തീരാങ്കാവ് സംഭവത്തിൽ ഈ സംഘടനകൾക്കു സ്വാധീനമുണ്ട്. കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് താൻ ഉദ്ദേശിച്ചില്ല. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധിച്ചു വരികയാണെന്നും മോഹനൻ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കെ.ടി. കുഞ്ഞിക്കണ്ണൻ അടക്കമുള്ള മുൻ നക്സലൈറ്റ് നേതാക്കൾ സിപിഎമ്മുമായി ചേർന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അവർ സിപിഎമ്മുമായി ചേർന്ന് വളരെ നല്ല രീതിയിലാണു പ്രവർത്തിക്കുന്നത് എന്നായിരുന്നു മോഹനന്റെ മറുപടി. വിവാദ പ്രസംഗത്തിൽ എന്തുകൊണ്ട് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും പരാമർശിച്ചില്ല എന്ന ചോദ്യത്തിനും മോഹനൻ വ്യക്തമായ മറുപടി നൽകിയില്ല.
താൻ വിമർശിച്ചത് ഇസ്ലാം തീവ്രവാദികളെയാണ്. പാർട്ടിയുടെ നിലപാടാണ് താൻ പറഞ്ഞത്, വ്യക്തിപരമല്ല. മുസ്ലിം തീവ്രവാദികൾ എന്നുപറഞ്ഞാൽ അത് എല്ലാ മുസ്ലിംകളെയും ഉദ്ദേശിക്കുന്നില്ല. ഹിന്ദു തീവ്രവാദികൾ എന്നു പറയുന്പോൾ അത് എല്ലാ ഹിന്ദുക്കളെയും ഉദ്ദേശിച്ചുള്ളതല്ല. തീവ്രവാദ പ്രവർത്തനങ്ങളെ മുസ്ലിം സമുദായ സംഘടനകൾ ഉൾപ്പെടെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. പോപ്പുലർ ഫ്രണ്ട്, എൻഡിഎഫ് എന്നീ സംഘടനകൾക്കു പുറമേ മുസ്ലിം ലീഗും ചിലപ്പോൾ ഈ തീവ്രവാദത്തെ പിന്തുണച്ചുകണ്ടിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു.
മാവോയിസ്റ്റുകളെ സഹായിക്കുന്നതു കോഴിക്കോട്ടുള്ള ഇസ്ലാമിക സംഘടനകളാണെന്നാണു പി. മോഹനൻ പ്രസംഗിച്ചത്. മാവോയിസ്റ്റുകൾക്കു വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ്. പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവർത്തനം എന്നും മോഹനൻ പറഞ്ഞു. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമർശനം.
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും വാദങ്ങൾക്കു ശക്തി പകരുന്ന വാക്കുകളാണു സിപിഎം നേതാവിൽനിന്ന് ഉണ്ടായത്. മോഹനന്റെ പരാമർശത്തെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തതോടെ സിപിഎം ശരിക്കും പ്രതിരോധത്തിലായി. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തിരുത്തണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ നിർദേശം നൽകിയതിനു പിന്നാലെയാണു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഇസ്ലാമിക തീവ്രവാദ പരാമർശം.