വാളയാര്‍ കേസില്‍ അസാധാരണ അപ്പീലുമായി സര്‍ക്കാര്‍ ! തുടരന്വേഷണം അനിവാര്യം എന്ന് അപ്പീലില്‍ പരാമര്‍ശം;സര്‍ക്കാരിന്റെ ഈ മനംമാറ്റത്തിനു കാരണം…

വാളയാര്‍ കേസില്‍ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ കീഴ്‌ക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നും സ്വാഭാവിക മരണമെന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്നും നിശിതമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തിട്ടില്ല. ലാഘവത്തോടെയാണ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന പരാമര്‍ശങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തില്ല.കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കൂടിയാലോചന നടത്തുന്ന പതിവുണ്ട്. അത് ഉണ്ടാകാതിരുന്നത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കേസ് വിചാരണയ്ക്കു വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം പരിഗണിച്ച് പ്രോസിക്യൂട്ടറെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതു മതിയാവില്ലെന്നു മാത്രമല്ല, കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ കുട്ടികളുടെ മാതാവും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കൂടി അപ്പീല്‍ നല്‍കിയതോടെ വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ രണ്ട് അപ്പീലുകളാണ് ഹൈക്കോടതിക്കു മുമ്പാകെ എത്തിയിട്ടുള്ളത്.

Related posts