കൊച്ചി: ആലുവ അത്താണിയിൽ ഗുണ്ടാനേതാവ് തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. കേസിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്സ് എന്നിവർ സംഭവത്തിനുശേഷം സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പോലീസ് സംഘം തെരച്ചിൽ നടത്തുന്നത്. പ്രതികളെല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോണ് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിൽ ഇവരുടെ രഹസ്യ നന്പറുകൾ ശേഖരിച്ചാണ് പോലീസ് നീക്കം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം കൊലപാതകത്തിൽ കലാശിച്ചത്. അതിനിടെ കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്.
തുരുത്തുശേരി സ്വദേശി വെള്ള എന്ന് വിളിക്കുന്ന എൽദോ ഏലിയാസ് (29) ആണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആലുവ കോടതി മജിസ്ട്രേറ്റ് അവധിയായതിനെ തുടർന്ന് കളമശേരി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നാലുമുതൽ എട്ടുവരെ പ്രതികളായ മേക്കാട് മാളിയേക്കൽ അഖിൽ (25), നിഖിൽ (22), മേക്കാട് മാളിയേക്കൽ അരുണ് (22), പൊയ്ക്കാട്ടുശേരി വേണാട്ടുപറന്പിൽ ജസ്റ്റിൻ (28), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ് (38) എന്നിവരാണ് തിങ്കളാഴ്ച്ച പിടിയിലായത്.
ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് ഏൽദോയും. അത്താണിയിലെ ചില കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഗുണ്ടാപിരിവ് നടത്തിയതിന്റെ പേരിലുള്ള തർക്കമാണ് ബിനോയിയുടെ കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട ബിനോയി രൂപീകരിച്ച അത്താണി ബോയ്സ് എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു മുഖ്യപ്രതി വിനു വിക്രമനും സംഘവും.