ചാലക്കുടി: പരിചയ സന്പന്നരായ ജനപ്രതിനിധികളെ മാറ്റിനിർത്താതെ പരിചയസന്പത്ത് ഉപയോഗപ്പെടുത്തണമെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ. നഗരസഭ മുൻ വൈസ് ചെയർമാനും പത്രപ്രവർത്തകനുമായിരുന്ന കെ.കെ. ചന്ദ്രസേനന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് നഗരസഭയും പൗരാവലിയും സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാര കസേരയിൽ ശാശ്വതമായി ഇരിക്കാമെന്ന് കരുതുന്നത് അവനവന് തന്നെ വിനയാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കെ.കെ. ചന്ദ്രസേനൻ പൊതുനന്മമാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നുവെന്നും കെ. ശങ്കരനാരായണന് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
മുൻ എംപി പി.സി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. മുൻ എംപി കെ.പി. ധനപാലൻ സുവനീർ പ്രകാശനം ചെയ്തു. മുൻ എംപി പ്രഫ. സാവിത്രി ലക്ഷ്മണൻ മുഖ്യസന്ദേശം നൽകി. മുൻ എംഎൽഎ എ.കെ. ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. സച്ചിതാനന്ദ സ്വാമികൾ, ഫാ. ജോസ് പാലാട്ടി, ബാഖഫി ഹുസൈൻ ഹസനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിൽ പി.എം. ശ്രീധരൻ, പി.എൻ. കൃഷ്ണൻനായർ, പി.കെ. സിദ്ദിഖ്, സി. മധുസൂതനൻ, മുൻ ചെയർമാൻമാരായ ജോസ് പൈനാടത്ത്, അഡ്വ. സി.ജി. ബാലചന്ദ്രൻ, യു.വി. തോമസ്, എം.എൻ. ശശിധരൻ, മേരി നളൻ, ആലീസ് ഷിബു, ഉഷ പരമേശ്വരൻ, കൗൺസിലർമാരായ ഗീത സാബു, എം.പി. ഭാസ്കരൻ, ബിന്ദു ശശികുമാർ എന്നിവർ പ്രസംഗിച്ചു. കൗൺവീനർമാരായ ഷിബു വാലപ്പൻ സ്വാഗതവും സി.കെ. പോൾ നന്ദിയും പറഞ്ഞു.