കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം വിവാദത്തില്‍. ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചതനുസരിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കാവുന്ന അഭിഭാഷകരുടെ പാനൽ പോലീസ് തയാറാക്കിയിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെ സിപിഎമ്മുമായി അടുത്ത ബന്ധമുള്ള മറ്റൊരു അഭിഭാഷകനെ നിയമിക്കാനുള്ള തിരക്കിട്ട നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് ഇതിനു പിന്നിലുള്ളതെന്നാണ് പോലീസ് നല്കുന്ന വിവരം. പല സുപ്രധാന കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാർ നിയമിച്ച പി.വി. ഹരിയുള്പ്പെടെയുള്ളവരുടെ പട്ടികയാണ് പോലീസ് സമര്‍പ്പിച്ചത്. എന്നാല്‍ പട്ടിക തഴഞ്ഞ് സിപിഎം അനുഭാവിയായ അഭിഭാഷകനെ നിയമിക്കാൻ ചരടുവലി തുടങ്ങി. വാളയാർ കേസിൽ പ്രോസിക്യൂട്ടറുടെ നടപടി വിവാദമായി നിലനില്‍ക്കെയാണ് ചീഫ് സെക്രട്ടറിയെ പോലും വകവയ്ക്കാതെ ആഭ്യന്തരവകുപ്പ് സിപിഎമ്മുമായി അടുപ്പമുള്ളയാളെ നിയമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
കൂടത്തായി കൊലപാതകപരമ്പര കേസിലെ പ്രധാന പ്രതിയായ ജോളിയുമായി സിപിഎമ്മിന്റെ രണ്ട് പ്രാദേശിക നേതാക്കൾക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച ചാത്തമംഗലം ലോക്കൽകമ്മിറ്റി സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ജോളിയുമായി ബന്ധമുള്ള കൂടത്തായിയിലെ പ്രാദേശിക നേതാവിനെതിരേയും അന്വേഷണം നടക്കുകയാണ്.
ഇവരെ കേസിൽനിന്ന് രക്ഷപെടുത്തുകയെന്ന ലക്ഷ്യമാണ് സ്പെഷൽ പ്രോസിക്യൂട്ടർ നിയമനത്തിൽ രാഷ്ട്രീയം കലർത്തുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളെ കുറിച്ച് അന്വേഷണസംഘം ഐജിയേയും ഡിജിപിയേയും അറിയിച്ചതായാണ് സൂചന. അഭിഭാഷകരായ പി.വി. ഹരി, എം. അശോകൻ, ഷെഹിർസിംഗ് എന്നിവരിലൊരാൾ സ്പെഷൽ പ്രോസിക്യൂട്ടറായി വരുന്നതിലാണ് പോലീസിന് താത്പര്യം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് (ഡിജിപി) സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്.
കൊലപാതകത്തിനിരകളായവരുടെ ബന്ധുക്കളും പോലീസ് നിലപാടിനൊപ്പമാണ്. 17 വര്‍ഷം മുമ്പുള്ള കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കുകയും വിദഗ്ധമായ അന്വേഷണം നടത്തുകയും ചെയ്ത പോലീസ് സംഘം സ്പെഷല്‍ പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച സാഹചര്യത്തില്‍ പരാതിക്കാരും മരിച്ചവരുടെ ബന്ധുക്കളും നിയമസാധ്യത പരിശോധിക്കുന്നുണ്ട്. ആല്ഫൈന്, സിലി കേസുകളിൽ പ്രഗത്ഭനായ മറ്റൊരു അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ ആഭ്യന്തര സെക്രട്ടറിയെ സമീപിക്കാനൊരുങ്ങുകയാണ്.