ബര്‍ലിന്‍/ബ്രസല്‍സ്: യൂറോ 2020 ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും വന്‍ ജയം. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ജര്‍മനി 6-1ന് വടക്കന്‍ അയര്‍ലന്‍ഡിനെ തകര്‍ത്തു. ഇതേ സ്കോറിനു തന്നെയാണ് ബെല്‍ജിയം സൈപ്രസിനെ തോല്‍പ്പിച്ചത്.
സെര്‍ജെ ജെനാബ്രിയുടെ ഹാട്രിക്് മികവാണ് ഗ്രൂപ്പ് സിയില്‍ നിന്ന് നേരത്തെതന്നെ യോഗ്യത നേടിയ ജര്‍മനിക്ക് വന്‍ ജയം നല്‍കിയത്. ലിയോണ്‍ ഗോട്സ്കെ രണ്ടു ഗോളും ജൂലിയന്‍ ബ്രാന്‍ഡ് ഒരു ഗോളും നേടി. മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് അയർലൻഡ് ആദ്യം മുന്നിലെത്തി. എട്ടാം മിനിറ്റില്‍ മൈക്കിള്‍ സ്മിത്തിന്റെ വകയായിരുന്നു അയര്‍ലന്‍ഡിന്റെ ഗോള്‍. പിന്നീട് ജർമനിയുടെ ആഘോഷമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് ജോര്‍ജിനിയോ വിയനാല്ഡമിന്റെ ഹാട്രിക് മികവില്‍ 5-0ന് എസ്റ്റോണിയയെ തോല്‍പ്പിച്ചു. നഥാന്‍ അകെ മെയ്റോണ്‍ ബോഡു എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. 21 പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ചാമ്പ്യന്മാരയപ്പോള് രണ്ടാമതുള്ള നെതര്‍ലന്‍ഡ്സിന് 19 പോയിന്റും ലഭിച്ചു.
എല്ലാം ജയിച്ച് ഇറ്റലിക്കൊപ്പം ബെല്‍ജിയം
യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലിക്കു പുറമെ ബെല്‍ജിയവും ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും ജയിച്ചു. ഗ്രൂപ്പ്് ഐയിലായിരുന്നു ബെല്‍ജിയം. അവസാന മത്സരത്തില്‍ ക്രിസ്റ്റ്യന്‍ ബെന്റെക്, കെവിന് ഡി ബ്രുയിന് എന്നിവരുടെ ഇരട്ട ഗോള്‍ മികവിലാണ് ബെല്‍ജിയം സൈപ്രസിനെ തകര്‍ത്തത്. ഗ്രൂപ്പിലെ പത്ത് കളിയില്‍ പത്തും ജയിച്ച ബെല്‍ജിയം 40 ഗോളും നേടി. റഷ്യ 5-0ന് സാന്‍ മരിനോയെ പരാജപ്പെടുത്തി. റഷ്യ ഫൈനല്‍സിനു യോഗ്യത നേരത്തെ നേടിയിരുന്നു.
യൂറോ യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ജെയില്‍ ഇറ്റലി തുടര്‍ച്ചയായ പത്ത് ജയം സ്വന്തമാക്കിയിരുന്നു. യോഗ്യതാ മത്സരങ്ങള്‍ക്കു മുമ്പ് ഇറ്റലി സൗഹൃദ മത്സരത്തില്‍ യുഎസിനെ പരാജയപ്പെടുത്തിയിരുന്നു. 109 വര്‍ഷത്തെ ഫുട്ബോള്‍ ചരിത്രമുള്ള ഇറ്റലി ആദ്യമായാണ് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ ജയിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗ്രീസിനോട് തോറ്റെങ്കിലും ഫിന്‍ലന്‍ഡ് യോഗ്യത നേടി. ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍സിലേക്കു ഫിന്‍ലന്‍ഡ് യോഗ്യത നേടുന്നത്.
റാംസെയുടെ ഇരട്ട ഗോളില്‍ വെയ്ൽസ്
ഗ്രൂപ്പ് ഇയിൽ അരോണ്‍ റാംസെയുടെ ഇരട്ട ഗോളില്‍ വെയ്ൽസ് 2-0ന് ഹംഗറിയെ തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്. ഗ്രൂപ്പില്‍നിന്ന് ക്രൊയേഷ്യ ഒന്നാംസ്ഥാനക്കായി നേരത്തെ യോഗ്യത നേടിയിരുന്നു.
ഗ്രൂപ്പ് ജിയില്‍ പോളണ്ട് 3-2ന് സ്ലൊവേനിയയെ പരാജയപ്പെടുത്തി. യോഗ്യത നേരത്തെ നേടിയ ഓസ്ട്രിയയെ ഗ്രൂപ്പിലെ അവസാനക്കാരായ ലാത്വിയ 1-0ന് തോല്‍പ്പിച്ചു.