ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ സ്ത്രീ-പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നില്ലെന്നു പരാതി. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും സ്റ്റാഫ് നഴ്സില്ലെന്ന കാരണത്താലാണ് ശസ്ത്രക്രിയയ്ക്കായി എത്തുന്നവരെ മടക്കി അയക്കുന്നത്. ഒരു മാസം 120 മുതൽ 150 പേർക്കു വരെ ഇവിടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയിരുന്നതാണ്.
ശസ്ത്രക്രിയ നടത്താതിരിക്കുന്നതു മെഡിക്കൽ കോളജിൽ പ്രസവ ചികിത്സയ്ക്കായി എത്തുന്നവർക്കാണ്. പ്രസവത്തോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യമായവർക്ക് ഇതുകൂടി കഴിഞ്ഞാൽ പിന്നീട് ഇതിനായി വിശ്രമിക്കേണ്ടതില്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
ഇത്തരക്കാർക്ക് സാധാരണ പ്രസവ ചികിത്സയ്ക്ക് ഒരു നിശ്ചിത മാസം അവധി അനുവദിക്കും. ഈ സമയത്തിനുള്ളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൂടി നടത്തിയാൽ പ്രസവാവധിയോടെപ്പം ലഭിക്കുന്ന അവധി പ്രയോജനപ്പെടുകയും ചെയ്യും.
ഇതോടെ വന്ധ്യംകരണ ശസ്ത്രക്രിയയുടെ പേരിൽ മറ്റൊരു അവധിയുടെ ആവശ്യമില്ലാതാകുകയും ചെയ്യും. അതിനാൽ ഒരു സ്റ്റാഫ് നഴ്സ് മാത്രം ഇല്ലാത്തതിന്റെ പേരിൽ മാസങ്ങളായി നിർത്തിവച്ചിരിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ പുനരാരംഭിക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.