കോഴിക്കോട്: കുടത്തായ് കൊലപാതക പരമ്പര കേസിൽ മുഖ്യ പ്രതി ജോളിയുടെ രണ്ട് സഹോദരന്മാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി-നാല് രഹസ്യമൊഴി നൽകാൻ നോട്ടീസയച്ചത്.
ജോളിയുടെ ഏറ്റവും മൂത്ത സഹോദരൻ ജോസ്, മറ്റൊരു സഹോദരൻ ബാബു എന്നിവരാണ് ക്രിമിനൽ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം രഹസ്യ മൊഴി നൽകിയത്. പോലീസ് കൂടത്തായ്, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ പൊളിക്കുന്നതിന് രണ്ട് ദിവസം മുൻപ് ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയ ജോളി കൊലപാതകങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നതായി സഹോദരന്മാർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.
ഭർത്താവ് റോയിയടക്കം ആറുപേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പോയെന്നും തുറന്നു സമ്മതിച്ച ജോളി കേസിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും സഹോദരങ്ങൾ പോലീസിന് മൊഴി നൽകിയിരുന്നു.വീഡിയോവിൽ ചിത്രീകരിച്ച മൊഴി പിന്നീട് കേസിന്റെ വിചാരണ വേളയിൽ മാറ്റി പറയാതിരിക്കുന്നതിനാണ് മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴി നൽകിയില്ലെങ്കിൽ കൊലപാതക രഹസ്യം ഒളിപ്പിച്ചു എന്ന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുക്കാനാകും.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നടത്തിയ മൊഴിയെടുക്കൽ മൂന്നുമണിക്കൂറിലധികം നീണ്ടു. നേരത്തെ പോലീസിന് നൽകിയ മൊഴികൾ ഇരുവരും മജിസ്ട്രേട്ടിനോട് ആവർത്തിച്ചതായാണ് വിവരം. സഹോദരന്മാരുടെ രഹസ്യമൊഴി ജോളിക്കെതിരായ നിർണായക തെളിവാകും. റോയ്- ജോളി ദമ്പതികളുടെ രണ്ട് മക്കൾ, പൊന്നാ മറ്റം കുടുംബത്തിലെ അംഗം എന്നിവരിൽ നിന്ന് ആഴ്ചകൾക്കു മുമ്പേ രഹസ്യമൊഴിയെടുത്തിരുന്നു.