കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ വലിയപറമ്പിൽ ജോൺസന്റെ രഹസ്യ മൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ. സിജുവാണ് ഇന്ന് കോഴിക്കോട് സി ജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കുക.
സിലി മരിച്ച് രണ്ട് ദിവസത്തിനകം ജോളി തന്ത്രപൂർവം കൈക്കലാക്കിയ സിലിയുടെ സ്വർണാഭരണങ്ങളിൽ കുറെ പണയം വയ്ക്കാനും മറ്റുമായി ജോളി ജോൺസന് കൈമാറിയിരുന്നു. ഇതുകൂടാതെ ഇരുവരുംതമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി ജോൺസൺ മൊഴി നൽകിയിരുന്നു.
ജോളിക്ക് എതിരായി മാറാവുന്ന ഈമൊഴി പിന്നീട് മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ഇയാളുടെ രഹസ്യമൊഴിയെടുക്കുന്നത്. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന ജോൺസനെ കോടതി നോട്ടീസയച്ച് വരുത്തും. ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സിലി വധക്കേസിൽ അടുത്ത അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ജോളിയുടെ രണ്ടാം ഭർത്താവ് പൊന്നാമറ്റം ഷാജുവിനെ കഴിഞ്ഞദിവസം മുക്കം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തിരുന്നു.