മൂവാറ്റുപുഴ: എംസി റോഡിൽ നിരവധിയിടങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയുള്ള പ്രദേശങ്ങളിലെ റോഡുകളിലെ വളവുകളിലടക്കം സ്ഥാപിച്ചിരിക്കുന്ന അശ്ലീലമായ ചിത്രങ്ങളടങ്ങുന്ന കൂറ്റൻ പരസ്യ ബോർഡുകളാണ് ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുന്നത്.
വാഹനം വളവു തിരിയുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധമാറുന്നതിനാൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. നിയമപരമായ അനുവാദം കൂടാതെയാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. പലയിടങ്ങളിലും വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സൂചന ലൈറ്റുകളും പ്രവർത്തനരഹിതമാണ്.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതർക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതിയും നൽകിയിട്ടുണ്ട്.