കൊളച്ചേരി: കമ്പിലും പരിസരങ്ങളിലും കുട്ടിമോഷ്ടാക്കളുണ്ട്, ജാഗ്രത പാലിക്കുന്നത് എല്ലാവർക്കും നല്ലതാണെന്നു പറയുന്നതു മയ്യിൽ പോലീസാണ്. കാര്യം മറ്റൊന്നുമല്ല, കഴിഞ്ഞ കുറേ ദിവസങ്ങളായി കമ്പിൽ ആശുപത്രിക്കു സമീപത്തെ വീട്ടിൽ വിദ്യാർഥികളായ അഞ്ചു പേർ പതിവായി മോഷണത്തിനെത്തുകയാണ്.
അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന എം.വി.പ്രതീഷിന്റെ വീട്ടിലാണു മത്സ്യങ്ങൾ കാണാതാവുന്നത് പതിവായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു 13 വയസ് പ്രായമുള്ള യൂണിഫോംധാരികളെ വലയിലാക്കിയത്.
വിലപിടിപ്പുള്ള അഞ്ച് അലങ്കാര മത്സ്യങ്ങൾ നഷ്ടപ്പെട്ടതോടെയാണു മോഷണം പോവുന്നതാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു സിസിടിവി കാമറകൾ സ്ഥാപിച്ചതോടെ അഞ്ചുപേരെ വലയിലാക്കി. ദൃശ്യങ്ങൾ പ്രകാരം മയ്യിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.