വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് 96. നഷ്ടപ്രണയത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ഇരുവരും അവതരിപ്പിച്ച റാം, ജാനു എന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
എന്നാൽ ചിത്രത്തിൽ ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ പ്രേംകുമാർ ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നു. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷെ ഈ വിവരം താൻ പോലും വൈകിയാണറിഞ്ഞതെന്നും മഞ്ജു പറയുന്നു.
ദുബായിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനുശേഷം സംവിധായകൻ പ്രേംകുമാർ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. മഞ്ജുവിനെ 96ലെ നായികയാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇതിനായി പലതവണ ശ്രമിച്ചെന്നും പക്ഷെ വിജയ് സേതുപതിയുടെ ഡേറ്റിലും ഷൂട്ടിംഗ് ഷെഡ്യൂളിലും ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം നടക്കാതെ പോയി എന്നാണ് പ്രേംകുമാർ പറഞ്ഞത്.
താൻ ഒരിക്കൽപോലും ഈ സംഭവം അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഓടിയെത്തുമായിരുന്നുവെന്നുമാണ് മഞ്ജു പ്രേമിനോട് പറഞ്ഞത്. ഓരോ സിനിമയ്ക്കും ഓരോ നിയോഗമുണ്ടെന്ന് വിശ്വസിക്കുന്നതായി മഞ്ജു പറയുന്നു. ജാനുവിന്റെ വേഷം തൃഷ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചുവെന്നും മഞ്ജു വാര്യർ പറഞ്ഞു.