കൊടുവായൂർ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊടുവായൂർ ടൗണിൽ വൈദ്യുതി വകുപ്പിന് കേബിളിടാൻ കുഴിയെടുത്തത് വാഹനസഞ്ചാരം അതീവ ദുഷ്ക്കരമാക്കിയതായി പരാതി. കിഴക്കേത്തല മുതൽ ആൽത്തറവരേയും റോഡിന്റെ വലതുഭാഗത്തുടനീളം വലിയ കുഴികളെടുത്തത് സുരക്ഷിതമായി മൂടാത്തതു കാരണം ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ തെക്ക് ഭാഗത്തു കൂടിയായാണ് സഞ്ചാരം.
വാഹന തിരക്കേറിയ പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങിയാണ് മുന്നോട്ടു പോവു ന്നത്. അടിയന്തര ചികിത്സക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും ദീർഘനേരം വഴിയിൽ കുടുങ്ങുന്നത് പതിവുകാഴ്ചയാണ്. അഞ്ചു വർഷം മുന്പാണ് പുതുനഗരം, കൊടുവായൂർ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റ് സന്പ്രദായം പ്രാവർത്തികമാക്കിയത്. പുതുനഗരം ടൗണിൽ ഇപ്പോഴും സിഗ്നൽ സിസ്റ്റം സുരക്ഷിതമായി പ്രവർത്തിക്കുന്നതിനാൽ ഗതാഗതം സുഗമമാണ്. എന്നാൽ കൊടുവായുരിലെ സിഗ്നൽ സന്പ്രദായം രണ്ടു വർഷമായി പ്രവർത്തനരഹിതമാണ്.
ഇത് ശരിപ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിച്ചു വരുന്നതിൽ പ്രതിഷേധം നിലവിലുണ്ട.് കൊടുവായൂർ ബൈപാസിന് സർവ്വേ പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും നിർമ്മാണം പ്രവർത്തനം ഇതുവരേയും ആരംഭിച്ചിട്ടുമില്ല. കൊച്ചിയിലെ സ്വകാര്യ ഏജൻസിക്കാണ് നിർമ്മാണച്ചുമതല നൽകിയിരിക്കുന്നതത്രെ. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ പാർക്കിംഗിന് സ്ഥലമില്ലാത്തതിനാൽ ഇരുചക്രവാഹനം , കാർ എന്നിവ റോഡിൽ നിരത്തിയിടുത്തതും ഗതാഗതകുരുക്ക് വർധിപ്പിക്കുകയാണ്.
മുന്പ് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോറികളിൽ നിന്നും ചരക്കിറക്കുന്നതിന് പുതുനഗരം പോലീസ് സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വാഹന തിരക്കേറിയ കാലത്ത് 9 മുതൽ 11 വരേയും വൈകുന്നേരം മൂന്നര മുതൽ 5വരേയുമാണ് ചരക്കിറക്കുന്നത് നിർത്തി സമയക്രമീകരണം നടത്തിയത്. ഇത് ഗതാഗത തടസ്റ്റത്തിനു ഒരു പരിധി വരെ പരിഹാരവുമായിരുന്നു. ഈ ക്രമീകരണവും ഇപ്പോൾ നിലച്ചതോടെയാണ് ടൗണിൽ ഗതാഗത തടസ്സം രൂക്ഷമായിരിക്കുന്നത്.