ചിറ്റൂർ: റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുത തൂണുകൾ അരികിലേക്ക് മാറ്റി സ്ഥാപിക്കാൻ കഐസ്ഇബി അധികൃതർക്ക് കത്തുനൽകാൻ ചിറ്റൂർ- തത്തമംഗലം നഗരസഭ അടിയന്തര കൗണ് സിൽ യോഗത്തിൽ അധ്യക്ഷനായ ചെയർമാൻ കെ. മധുവാണ് ഇക്കാര്യം പറഞ്ഞത്. പെർഫോമൻസ് ഗ്രാൻഡ് ഇനത്തിൽ നഗരസഭയ്ക്കു ലഭിച്ച തുക വകയിരുത്തി തയാറാക്കിയ പുതിയ പദ്ധതികളുടെയും ഭേദഗതി പദ്ധതികളുടെയും പട്ടിക അംഗീകാരത്തിനായി ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ വൈദ്യുത തൂണിൽ തലയിടിച്ച് വിദ്യാർഥി മരിച്ച സാഹചര്യത്തിലാണ് ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ ഇടപെടൽ. നഗരസഭയ്ക്ക് അനുവദിച്ച 52.49 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭേദഗതികളാടെ അംഗീകാരം നൽകി. വാർഡ് സഭകളിൽ വരുന്ന പ്രധാന നിർദേശങ്ങൾ പരിശോധിച്ച് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൗണ്‍സിലർ എ. കണ്ണൻ കുട്ടി പറഞ്ഞു. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽ പെടുത്താൻ അതത് കൗണ്‍സിലർമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉപാധ്യക്ഷ കെ.എ ഷീബ പറഞ്ഞു.
പല തവണ നിർദേശിച്ച് പദ്ധതികൾ പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് കൗണ്‍സിലർ എം.ശിവകുമാർ ആരോപിച്ചു. പൊതു വികസനങ്ങൾ ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നും അത് പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്ക ണമെന്നും എം. സ്വാമിനാഥൻ പറഞ്ഞു. ശുദ്ധജല കണക്ഷൻ ആവശ്യപ്പെട്ടവർക്ക് ഉടൻ നൽകണമെന്ന ആവശ്യവും ഉണ്ടായി.
ശുദ്ധജല കണക്ഷൻ നൽകാൻ വച്ച ഫണ്ട് പലപ്പോഴും പാ ഴായി പോകുന്ന സ്ഥിതിയാണെന്നും ആവശ്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നില്ലെന്നും കൗണ്‍സിലർ കെ.സി.പ്രീത് പറഞ്ഞു. മുൻ കൗണ്‍സിൽ യോഗങ്ങളിൽ പലതവണ ആവശ്യപ്പെട്ടിട്ടും പല സ്കൂളുകൾക്ക് മുന്‍പിലും ഇപ്പോഴും ഹോം ഗാർഡുകളുടെ സേവനം ലഭ്യമായിട്ടില്ലെന്ന് കൗണ്‍സിലർ കെ. മണികണ്ഠൻ പറഞ്ഞു.
ചിറ്റൂർ പോലീസിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഉടൻ തന്നെ ജില്ല പോലീസ് മേധാവിക്ക് ഹോം ഗാർഡുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകുമെന്നും മധു മറുപടി നൽകി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലൂടെയുള്ള വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ സംവിധാനമൊരുക്കണമെന്ന് കൗണ്‍സിലർ യു. പ്രിയ ആവശ്യപ്പെട്ടു. കൗണ്‍സിലർമാരായ അനിൽകുമാർ, മുകേഷ്, എ. ശശിധരൻ, ബിന്ദു, പി.യു പുഷ്പലത, സുനിത, സലിം പ്രസംഗിച്ചു.