ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ പ്രവാസി ഇന്ത്യക്കാർ ഉപേക്ഷിച്ച ഭാര്യമാരിൽ നിന്നായി ആറായിരം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2015 ജനുവരി മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള പരാതികളുടെ കണക്കുകളാണു മന്ത്രി സഭയിൽ വ്യക്തമാക്കിയത്. പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരിൽനിന്ന് 2015-ൽ 796 പരാതികൾ ലഭിച്ചു. 2016-ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ഈ വർഷം മാത്രം ഒക്ടോബർ 31 വരെ 991 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ വിവിധ വിദേശ രാജ്യങ്ങളിലായി 77 ഇന്ത്യക്കാർ അകപ്പെട്ടു പോകുകയോ തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ട്. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഇവരിൽ 73 പേരും രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ തടവിൽ മരിക്കുകയും മറ്റു മൂന്നു പേർ ഇപ്പോഴും തടവിൽ കഴിയുകയുമാണെന്നും മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.