കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെയുണ്ടായ വെടിവയ്പിന്റെ പിന്നിലെ ബുദ്ധികേന്ദ്രം മലയാള സിനിമയിലെ പ്രമുഖ നിർമാതാവെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡോ. അജാസ് എന്ന നിർമാതാവാണു വെടിവയ്പ് ആസൂത്രണം ചെയ്തതെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
അധോലോക കുറ്റവാളി രവി പൂജാരിക്ക് വേണ്ടി അജാസ് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഈ വിവരങ്ങൾ ഉൾപ്പെടുത്തി കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജയസൂര്യ നായകനായ ഇടി, ധ്യാൻ ശ്രീനിവാസന്റെ ഗൂഡാലോചന തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. അജാസ് വിദേശത്തേക്ക് കടന്നുവെന്നാണ് പുതിയ വിവരങ്ങൾ.
കഴിഞ്ഞ വർഷം ഡിസംബർ 15-നാണ് കൊച്ചി പനന്പള്ളിനഗറിലെ ബ്യൂട്ടിപാർലർ കെട്ടിടത്തിനു നേരെ രണ്ടംഗ സംഘം വെടിയുതിർത്തത്. ബ്യൂട്ടി പാർലറിന്റെ സ്റ്റെയർകേസിലേക്കു വെടിവച്ച ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്ന കുറിപ്പ് വലിച്ചറിഞ്ഞ ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണമുണ്ടാകുന്പോൾ ലീന മരിയ പോൾ ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നില്ല. ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
മലയാളത്തിൽ റെഡ് ചില്ലീസ് അടക്കം ചില സിനിമകളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളിൽ പ്രതിയായ ലീന മരിയ പോളിനെ 2013-ൽ ഡൽഹി പോലീസും 2015-ൽ മുംബൈ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.