അന്പലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയുടെ വികസനം വഴിമുട്ടുന്നു. ഗോക്കൾ വീർപ്പുമുട്ടുന്നു. മൂരികൾ ഉൾപ്പെടെ ആകെ 62 കാലികളാണ് ഇവിടെയുള്ളത്. 12 മൂരികളും കറവയുള്ള 15 ഗോക്കളുമുണ്ട്. അപൂർവയിനം ഗിർ ഇനത്തിൽപ്പെട്ട പശുക്കൾ ഉൾപ്പെടെയുള്ളവയും ഗോശാലയിലുണ്ട്.
എന്നാൽ ഇവയെ ശരിയായി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഭക്തരുടെ ആക്ഷേപം. ഗോശാല വികസനം സംബന്ധിച്ച കേസ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. ഏതാനും വർഷം മുന്പ് ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമന്റെ നിർദേശപ്രകാരമാണ് ഗോശാല വികസിപ്പിക്കാൻ തീരുമാനമെടുത്തത്.
എന്നാൽ ഇതിന്റെ വികസനം ഇപ്പോഴും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. 30ലധികം ഗോക്കൾക്ക് പാർക്കാനുള്ള സൗകര്യം പോലും ഇപ്പോഴില്ല. ഗോക്കളെ പരിചരിക്കാനായി നിയോഗിച്ച ജീവനക്കാരുടെ അനാസ്ഥയും ഇവിടെയുണ്ട്. അടിയന്തിരമായി ഗോശാല വികസിപ്പിച്ചില്ലെങ്കിൽ ഇനിയും ഇത്തരം ദുരന്തമുണ്ടാകുമെന്ന ആശങ്കയാണ് ഭക്തർക്കുള്ളത്.