തലശേരി: മാവോയിസ്റ്റ് വേട്ടയ്ക്കിടയില് എഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേരളത്തില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ശക്തമായ നിലപാടുമായി സര്‍ക്കാര്‍ രംഗത്ത്. രൂപേഷ് പ്രതിയായ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരുന്ന അഞ്ച് കേസുകളില്‍ തുടരന്വേഷണം നടത്തണമെന്ന് ഡിസ്ട്രിക് ഗവ. പ്ലീഡര്‍ ബി.പി ശശീന്ദ്രന് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ സെഷന്‍സ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഗവ. പ്ലീഡര്‍ അഞ്ച് കേസുകളിലും തുടന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.
പുതിയ സാഹചര്യത്തില്‍ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസിലെ മറ്റ് പ്രതികളായ നാല് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസില്‍ ദൃക്സാക്ഷികളുണ്ടെന്നും മാവോയിസ്റ്റ് സംഘടന നിരോധിച്ചതാണെന്നും ബി.പി ശശീന്ദ്രന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരേയുള്ള യുഎപിഎ നിലനില്‍ക്കില്ലെന്നും തന്റെ വിടുതല്‍ ഹർജി കോടതി ആദ്യം പരിഗണിക്കണമെന്നും രൂപേഷ് കോടതിയോട് പറഞ്ഞു. തനിക്കെതിരേയുളളത് കള്ളക്കേസാണ്. ലഘുലേഖ പിടിച്ചെടുത്തുവെന്നത് കള്ളക്കഥയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നുവെന്നും രൂപേഷ് കോടതിയില്‍ പറഞ്ഞു.
രൂപേഷ് സ്വന്തമായിട്ടാണ് കേസ് വാദിക്കുന്നത്. രൂപേഷിനെതിരെ പേരാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസും പയ്യാവൂരില്‍ ഒരു കേസും പെരിങ്ങോത്ത് ഒരു കേസും കേളകത്ത് ഒരു കേസുമാണുള്ളത്. ഈ സ്ഥലത്തെല്ലാം പട്ടാളവേഷത്തില്‍ തോക്കുമേന്തി രൂപേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം ദേശവാസികളെ ഭീഷണിപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടുകയും ലഘുലേഖ വിതരണം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന് കേസ്.
കേളകത്ത് ഭാരത് സ്റ്റോണ്‍ ക്രഷര്‍ ആക്രമിക്കുകയും ഫര്‍ണിച്ചര്‍, കന്പ്യൂട്ടര്, സിസിടിവി എന്നിവ തകര്‍ക്കുകയും മുദ്രാവാക്യം മുഴക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. ഈ സംഭവങ്ങളിലെല്ലാം രൂപേഷ് മാത്രമാണ് അറസ്റ്റിലായിരുന്നത്. കര്‍ണാടകയില്‍ നിന്നും 2015 ല്‍ അറസ്റ്റിലായ രൂപേഷ് ഇപ്പോഴും റിമാൻഡിലാണുള്ളത്. കനത്ത സുരക്ഷയിലാണ് രൂപേഷിനെ കോടതിയില്‍ എത്തിക്കാറുളളത്.