ഷൊർണൂർ: ഷൊർണൂരിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും തിരിച്ചടി. ഇതോടെ ഇലക്ട്രിക് ലോക്കോ ഷെഡ് പദ്ധതി കൂടി ഷൊർണൂരിന് നഷ്ടപ്പെട്ടു. ഇരുനൂറിനടുത്ത് എൻജിനുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഷൊർണൂരിൽ നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നത്.
എന്നാൽ ഈ പദ്ധതിയും ഷൊർണൂരിൽനിന്നും മാറ്റാനാണ് തീരുമാനമെന്നാണ് സൂചന. ഈറോഡിലും ആർക്കോണത്തും. ഇലക്ട്രിക് ലോക്കോ ഷെഡ് വന്നതോടെയാണ് ഷൊർണൂരിൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് റെയിൽവേ തീരുമാനമെടുത്തതെന്നാണ് സൂചന. പ്രത്യക്ഷമായും പരോക്ഷമായും അനേകംപേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയായിരുന്നു ഇലക്ട്രിക് ലോക്കോ ഷെഡ്.
ജനപ്രതിനിധികളുടെ ഇച്ഛാശക്തി കുറവും രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവുകേടുമാണ് പദ്ധതി അന്യമാകാൻ കാരണമായത്. ഇപ്പോൾ ഈറോഡും ആർക്കോണത്തുമുള്ള ലോക്കോ ഷെഡുകളിൽ ഇരുന്നൂറിന് താഴെ മാത്രമേ എൻജിനുകൾ കൈകാര്യം ചെയ്യാൻ വിഭവശേഷിയുള്ളൂ. എന്നാൽ ഇവയേക്കാൾ വലിയ ലോക്കോ ഷെഡായിരുന്നു ഷൊർണൂരിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്.
മുന്പുതന്നെ ഈ പദ്ധതി മധുരയിലേക്കോ, തിരുച്ചിറപ്പള്ളിയിലേക്കോ മാറ്റാൻ ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. മധുരയിൽ സ്ഥലസൗകര്യമി ല്ലാത്തതിനാലും തിരുച്ചിറപ്പള്ളിയിൽ കൂടുതൽ തൊഴിലാളികളെ ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാലും പദ്ധതി മാറ്റിവച്ചു. സാങ്കേതികതടസം മറികടക്കാമെന്നും പദ്ധതി ഷൊർണൂരിൽ തന്നെ നടപ്പാക്കണമെന്നും ഇവിടുത്തെ തൊഴിലാളികൾ ശക്തമായി ആവശ്യമുന്നയിച്ചിരുന്നു.
ഷൊർണൂരിൽ ഇതിനായി ആവശ്യത്തിലേറെ സ്ഥലസൗകര്യങ്ങളുമുണ്ട്. 40 മുതൽ 45 ദിവസംവരെയുള്ള ഇടവേളയിലാണ് നിലവിൽ വൈദ്യുത എൻജിനുകൾ അറ്റകുറ്റപ്പണി നടത്തുന്നത്. ലോക്കോ ഷെഡുള്ള സ്റ്റേഷനിൽ എത്തുന്പോൾ എൻജിൻ വേർപെടുത്തി അറ്റകുറ്റപ്പണിക്കായി മാറ്റുന്നതാണ് നിലവിലുള്ള രീതി. കേവലം നാല് പ്ലാറ്റ്ഫോമുകൾ മാത്രമുള്ള ചെറിയ സ്റ്റേഷനായ ഈറോഡിലാണ് ലോക്കോ ഷെഡ് നിർമിച്ചിട്ടുള്ളത്.