പാലക്കാട്: തൊഴിലിടങ്ങളിൽ എല്ലാവർക്കും തുല്യപ്രാധാന്യം നൽകി തൊഴിൽ കേന്ദ്രങ്ങൾ സൗഹൃദപരമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ഒരു വനിത ഡോക്ടർക്കുണ്ടായ മാനസിക പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്.
നിലവിൽ ഇന്റേണൽ കംപ്ലെയിൻസ് കമ്മിറ്റിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഐ.സി.സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മീഷൻ അധ്യക്ഷ അറിയിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 33 കേസുകൾ തീർപ്പാക്കി.
തൃശൂർ മെഡിക്കൽ കോളജിൽ ലഭ്യമായ സൗജന്യ ആംബുലൻസ് സേവനത്തിനിടെ രോഗിയോട് ആംബുലൻസ് ഡ്രൈവർ 1000 രൂപ നിർബന്ധപൂർവം ചോദിച്ചു വാങ്ങുകയും പാലക്കാട്- തത്തമംഗലത്ത് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷൻ തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തതായും കമ്മീഷൻ അറിയിച്ചു. കമ്മീഷന് പരാതി നല്‍കുകയും തുടർന്ന് ഇരുകക്ഷികളും ഹാജരാകാത്ത സാഹചര്യത്തിൽ 46 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചതായി കമ്മീഷൻ അധ്യക്ഷ അറിയിച്ചു.
ഭൂമി സംബന്ധമായ തർക്കം, അതിർത്തിപ്രശ്നം, നഷ്ടപരിഹാരം തുടങ്ങിയ കേസുകളിലായി 87 പരാതികളാണ് പരിഗണിച്ചത്. കമ്മീഷൻ അംഗം ഷിജി ശിവജി, കമ്മീഷൻ എസ്ഐ രമ, അഡ്വക്കറ്റുമാരായ രാധിക, രമിത, ശോഭന, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.സറീന, കെ. വിമല എന്നിവർ പങ്കെടുത്തു.