മേപ്പയൂർ:ചാത്തമംഗലം വെള്ളന്നൂരിലെ ഭർത്തൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിജിനയുടെയും മകൻ റുഡ് വിച്ചിന്റേയും ഇടത് കൈമുട്ടിലും ചെറുവിരലിലും പോറലുകൾ ചൂണ്ടി കാട്ടിയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കൈമുട്ടിലും വിരലിലും കണ്ട മുറിവുകൾ പോലീസിന് മാത്രമേ തെളിയിക്കാൻ കഴിയുകയുള്ളുവെന്ന് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോക്ടർ പറഞ്ഞു.
രക്തസ്രവങ്ങളും മജ്ജയും വിദഗ്ധ പരിശോധനയ്ക്കായി കെമിക്കൽ അനാലിസിസ് ലാബിലേക്കയിച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്നാൽ മരണകാരണത്തിൽ കൂടുതൽ വ്യക്തത കിട്ടുമെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് 1.10 ന് ഫ്രീസറിൽ വയ്ക്കുന്നതിന് ഏഴ് മണിക്കൂർ മുൻമ്പേ ഇരുവരുടെയും മരണം നടന്നിരിക്കാമെന്ന് ഡോക്ടർ സൂചന നൽകി.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് നോർത്ത് അസി.കമ്മീഷണറുടെ ചുമതലയുള്ള പി.കെ.രാജു ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പോസ്റ്റ് മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിനിലെ ഡോക്ടർമാരായ രതീഷിന്റേയും ജിനിയുടെയും മൊഴി എടുത്തു.
മരണം നടന്ന ദിവസം കാലത്ത് ആറിന് നിജിനയുടെ ഭർത്താവ് രഖിലേഷും അച്ഛനും അമ്മയും തിരൂരിലെ മരണവീട്ടിൽ പോയി 10 ന് തിരിച്ചെത്തി എന്നു പറയുന്നതും തിരൂരിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നുമുള്ള രഖിലേഷിന്റെ വെളിപ്പെടുത്തൽ പോലീസ് വിശ്വസിച്ചിട്ടില്ല. രഖിലേഷും മാതാപിതാക്കളു സംഭവം നടന്ന് 10 ദിവസമായിട്ടും ഒളിവിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു.