മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ നീലേശ്വരത്തിനും പൂളപ്പൊയിലിനും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി റേഷൻ വ്യാപാരി മരിച്ചു. നോർത്ത് കാരശേരിയിൽ കാരശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം റേഷൻ കട നടത്തുന്ന പൂളപ്പൊയിൽ നെടുംകണ്ടത്തിൽ മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തെത്തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അപകടം നടന്നത്.
മുക്കത്ത് നിന്ന് പൂളപ്പൊയിലിലേക്ക് ബൈക്കിൽ വരുമ്പോൾ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക്യാത്രക്കാരൻ വർക്ക് ഷോപ്പ് ജീവനക്കാരനായ നന്ദു സതീഷിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സൈനബയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: രജിത, റംല, റഫീഖ്, റഷീദ്, റുബീന.
അതേസമയം, പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി 108 ആംബുലൻസ് സേവനം ലഭ്യമായില്ലെന്നും പരാതിയുണ്ട്. നിലവിൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 108 ആംബുലൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും ആശുപത്രി ജീവനക്കാരും ആംബുലൻസ് ജീവനക്കാരും തമ്മിലുള്ള പ്രശ്നത്തെത്തുടർന്ന് ആംബുലൻസ് ജീവനക്കാർ ആംബുലൻസിന്റെ ചാവി ആശുപത്രിയിൽ ഏൽപ്പിച്ച് പോവുകയായിരുന്നു. ഇതോടെ ഈ ആംബുലൻസ് മൂന്നാഴ്ചയോളമായി ഉപയോഗശൂന്യമായി ആശുപത്രി വളപ്പിൽ കിടക്കുകയാണ്.
പല ഘട്ടങ്ങളിലും 108 ആംബുലൻസ് സേവനം ആവശ്യമായി വരുമ്പോൾ 16 കിലോമീറ്റർ അകലെയുള്ള അരീക്കോട് നിന്നും താമരശ്ശേരിയിൽ നിന്നൊക്കെ ആംബുലൻസ് എത്തിക്കുകയോ മുക്കത്തെ സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകളുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.