പത്തനാപുരം:സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടപത്ത് ലക്ഷം രൂപ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടമ്മ മാതൃകയായി. കുണ്ടയം കക്കാ ചൂളയിൽ റസിയ (52)യ്ക്കാണ് പണം അടങ്ങിയ കവർ വഴിയരികിൽനിന്ന് ലഭിച്ചത്.കുണ്ടയം സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ജീവനക്കാരൻ റെനിയുടെ കൈയിൽ നിന്നും ബുധനാഴ്ച വൈകുന്നേരം പണം നഷ്ടപ്പെട്ടിരുന്നു.
കുണ്ടയം സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും റെനി പണവുമായി ബൈക്കിൽ മൈലാടുംപാറ ശാഖയിലേക്ക് പോകവെ കുണ്ടയം കടുവാത്തോട് പാതയ്ക്കിടയിലാണ് പണം നഷ്ടപ്പെട്ടത്.മൈലാടുംപാറ ശാഖയിൽ എത്തിയപ്പോഴാണ് പണം നഷ്ടപെട്ട വിവരം അറിഞ്ഞത്.റോഡിലെല്ലാം തിരയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു.
ബാങ്ക് അധികൃതരുടെ നിർദ്ദേശപ്രകാരം റെനി നഷ്ടപ്പെട്ടപണം തിരികെ അടയ്ക്കാനും ധാരണയായിരുന്നു. അതിനിടെയാണ് പണം റസിയക്ക് ലഭിച്ചതായി പോലീസിനെയും ബാങ്ക് അധികൃതരേയും അറിയിച്ചത്.കുണ്ടയത്തെ ഒരു മരണ വീട്ടിൽ പോയി മടങ്ങി വരവെയാണ് പണം അടങ്ങിയ കവർ റസിയയ്ക്ക് ലഭിച്ചത്. റസിയയുടെ ബന്ധുക്കൾ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി പണം കൈമാറി. ഇന്ന് ബാങ്ക് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് റെനിക്ക് പണം കൈമാറും. പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് റെനിയും കുടുംബവും.