കൽപ്പറ്റ: പാന്പുകടിയേറ്റു മരിച്ച ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരെ വിദ്യാർഥി-യുവജന സംഘടന പ്രവർത്തകർ കരിങ്കൊടി കാട്ടി. ദേശീയപാതയിൽ കൽപ്പറ്റ ഡി പോൾ സ്കൂൾ പരിസരം, ബത്തേരി സ്വതന്ത്രമൈതാനി പരിസരം, ഗവ.സർവജന സ്കൂൾ പരിസരം എന്നിവിടങ്ങിലാണ് മന്ത്രിമാർക്കുനേരേ കരിങ്കൊടി ഉയർന്നത്.
രാവിലെ ഏഴോടെ എംഎസ്എഫ് പ്രവർത്തകരാണ് കൽപ്പറ്റ ഡി പോൾ സ്കൂളിനു സമീപം മന്ത്രിമാരെ കരിങ്കൊടി കാട്ടിയത്. ജില്ല പ്രസിഡന്റ് പി.പി. ഷൈജൽ, ഷമീർ ഒടുവിൽ, ഫായിസ് തലയക്കൽ, മുഹമ്മദ് സെബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എംഎസ്എഫ് സംഘം.
മന്ത്രിമാരുടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ബത്തേരി സ്വതന്ത്രമൈതാനി പരിസരത്തു യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടികളുമായി റോഡിലേക്കു ചാടിയിറങ്ങിയത്. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സിനീഷ് വാകേരി, ദിപു പുത്തൻപുരയിൽ, ലിലിൽകുമാർ, വിശ്വനാഥൻ എന്നിവർ അടങ്ങുന്നതായിരുന്നു യുവമോർച്ച സംഘം. പോലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.
സർവജന സ്കൂൾ പരിസരത്തു യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് മന്ത്രിമാരെ കരിങ്കൊടി കാട്ടിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജേഷ്കുമാർ, ടിജി ചെറുതോട്ടിൽ, സഫീർ പഴേരി, റിനു ജോണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്ഗ്രസ് സംഘം. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
അധ്യാപകർക്കും ഡോക്ടർക്കുമെതിരേ കേസെടുത്തു
സുൽത്താൻ ബത്തേരി: പാന്പുകടിയേറ്റ ഗവ.സർവജന സ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ തക്കസയമം ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അധ്യാപകർക്കും ഡോക്ടർക്കുമെതിരേ ബോധപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹൈസ്കൂൾ വിഭാഗം ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകൻ ഷിജിൽ, താലൂക്ക് ആശുപത്രിയിലെ ഡോ.ജിസ മെറിൻ ജോയി എന്നിവർക്കെതിരേയാണ് കേസ്. ഷഹലയ്ക്കു ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന സ്പഷൽ ബ്രാഞ്ച് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെന്നു പോലീസ് അറിയിച്ചു.
കുറ്റക്കാരെ പുറത്താക്കുന്നതുവരെ സമരമെന്ന് വിദ്യാർഥികൾ
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ ഗവ.സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ തക്കസമയം വൈദ്യസഹായം ലഭിക്കാതെ മരിച്ചതിന് ഉത്തരവാദികളായ മുഴുവൻ പേരെയും ജോലിയിൽനിന്നു പുറത്താക്കുന്നതു വരെ പഠിപ്പു മുടക്കിയുള്ള സമരം തുടരുമെന്നു സ്കൂൾ ചെയർമാനും പ്ലസ് ടു വിദ്യാർഥിയുമായ അഭയ് ജോസ് പറഞ്ഞു.
പാന്പുകടിച്ചെന്നു ഷഹ്ല ഷെറിൻ പറഞ്ഞതിനെ ലാഘവത്തോടെ കാണുകയും ചികിത്സ ലഭ്യമാക്കുന്നതിൽ ഉദാസീനത കാട്ടുകയും ചെയ്ത അധ്യാപകരെ സർവീസിൽനിന്നു നീക്കം ചെയ്യുക, ഇവർക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുക, പിടിഎ പിരിച്ചുവിടുക, വിദ്യാലയത്തിലെ പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുപണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.
മുഴുവൻ വിദ്യാർഥി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രക്ഷോഭമെന്നു സമരസമിതി കണ്വീനർ ബാനു സാബു പറഞ്ഞു. കഐസ്യു ജില്ല പ്രസിഡന്റ് അമൽ ജോയ്, എസ്എഫ്ഐ ജില്ല സെക്രട്ടറി ടി.പി. ഋഷഭ്, എംഎസ്എഫ്, എബിവിപി നേതാക്കൾ തുടങ്ങിയവർ സ്കൂളിലെത്തി വിദ്യാർഥി സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.