കോഴിക്കോട്: കൂടത്തായ് കൊലപാതക കേസിൽ വ്യാജ ഒസ്യത്ത് നിർമിക്കാൻ സഹായിച്ചതിന് ഇന്നലെ അറസ്റ്റിലായ മുൻ സിപിഎം നേതാവ് മനോജിന് ജോളിയുമായി റിയൽ എസ്റ്റേറ്റ് ബന്ധം. എൻഐടി പ്രഫസറായ തനിക്ക് കട്ടാങ്ങൽ ഭാഗത്ത് വീടും സ്ഥലവും ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജോളി വാർഡ് മെമ്പർകൂടിയായ മനോജുമായി അടുത്തുകൂടിയത്. കട്ടാങ്ങൽ ഭാഗത്ത് 22 സെന്റ് സ്ഥലവും വീടും മനോജ് ജോളിയേയും ആദ്യ ഭർത്താവ് റോയിയേയും കാണിച്ചു. ജോളി ഇതിനായി ഒരു ലക്ഷം രൂപ രണ്ട് ചെക്കായി മനോജിന് നൽകി.
പറഞ്ഞുറപ്പിച്ച തുകയേക്കാൾ അധികം വിലവാങ്ങി മനോജ് വീടും സ്ഥലവും മറ്റാർക്കോ കച്ചവടം ചെയ്തു. ഇതറിഞ്ഞ ജോളി മനോജിന്റെ വീട്ടിൽചെന്ന് പല തവണ ബഹളമുണ്ടാക്കി. ആയിരവും രണ്ടായിരവും തോതിൽ മനോജ് കുറച്ചു പണം തിരികെ നൽകി.
ആ സമയത്താണ് വ്യാജ ഒസ്യത്തുമായി ജോളി മനോജിനെ സമീപിക്കുന്നത്. ജോളിയെ ഭയമായതിനാൽ ഒന്നും നോക്കാതെ ഒസ്യത്തിൽ ഒപ്പിട്ടു. രണ്ടാമതൊരു സാക്ഷി കൂടി വേണമെന്നു പറഞ്ഞപ്പോൾ സുഹൃത്തായ മഹേഷ്കുമാറിന്റെ പേരെഴുതി ഒപ്പിട്ടു.
പോലീസ് അന്വേഷിച്ചു ചെന്നപ്പോഴാണ് മഹേഷ് ഈവിവരം അറിയുന്നത്. തുടർന്ന് മനോജിനെ പോയി കണ്ടപ്പോൾ, നമ്മുടെ ഭരണമാണ് പോലീസ് ഒന്നും ചെയ്യില്ല എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. പോലീസ് മനോജിനേയും മഹേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
മനോജിന് ജോളിയുമായി മറ്റു ചില ബന്ധങ്ങൾകൂടിയുള്ളതായും അക്കാര്യം അന്വേഷണഘട്ടത്തിലാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. മനോജിനെ ഇന്ന് ഉച്ചയോടെ താമരശേരി കോടതിയിൽ ഹാജരാക്കും.