മുക്കം: ഷഹ്ല ഷെറിന് എന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിക്കാനിടയായ ബത്തേരിയിലെ ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനേക്കാള്‍ ഭയാനകമായ അവസ്ഥയില്‍ ഒരു അങ്കണവാടി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കളരി കണ്ടിയിലെ 26 ഓളം പിഞ്ചു കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിയാണ് അപകടകരമായ അവസ്ഥയിലുള്ളത്.
തറയോട് ചേര്‍ന്ന് ചുമരുകളില്‍ ഒന്നിലധികം വലിയ മാളങ്ങളാണുള്ളത്. കെട്ടിടത്തിനു തറ കെട്ടിയ കരിങ്കല്ലുകള്‍ക്കിടയില്‍ പുറത്തുനിന്ന് അകത്തോളമെത്തുന്ന വലിയ പൊത്തുകള്‍ വേറെയുണ്ട്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ആകെ പൊട്ടിപ്പൊളിഞ്ഞ ഏതുനിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്താല്‍ ഈ മേല്‍ക്കൂരയ്ക്കു താഴെ നനയാതെ ഇരിക്കാന്‍ ആകില്ല. മുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് ഇതിനുള്ളില്‍ അങ്കണവാടി വര്‍ക്കര്‍മാരും പിഞ്ചു കുട്ടികളും മഴക്കാലത്ത് വൈകുന്നേരം വരെ കഴിയുന്നത്.
ഇതുവരെ വൈദ്യുതി എത്താത്ത ഈ കെട്ടിടത്തില്‍ ചൂടുകാലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ ഇരിക്കുകയെന്നത് പിഞ്ചു കുരുന്നുകള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. തറയിലിരുന്നാണ് കുട്ടികളുടെ കളിയും പഠനവും ഭക്ഷണം കഴിക്കുന്നതുമെല്ലാം.
1993 ജനുവരി 18 ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം നിര്‍വഹിച്ചതാണ് ഈ ശിശു മന്ദിരത്തിന്റെ കോണ്‍ക്രീറ്റ് കെട്ടിടം. 26 വര്‍ഷത്തെ പഴക്കം ഈ കെട്ടിടത്തെ ആകെ രോഗാവസ്ഥയില്‍ ആക്കിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞതിനുശേഷം യാതൊരുവിധ അറ്റകുറ്റ പ്രവര്‍ത്തിയും ഒരു അധികാരികളും ഈ കെട്ടിടത്തില്‍ നടത്തിയിട്ടില്ല.