സുൽത്താൻ ബത്തേരി: തക്കസമയം ചികിത്സ ലഭിക്കാതെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ മരിച്ചതിലുള്ള രോഷം കെട്ടടങ്ങാതെ പൊതുജനം. ഇന്നലെ ഉച്ചയോടെ വിദ്യാലയത്തിലെത്തിയ ഒരു കൂട്ടം ആളുകൾ സ്ഥലത്തുണ്ടായിരുന്ന അധ്യാപകരിൽ അധിക്ഷേപം ചൊരിഞ്ഞു. ഉളുപ്പുണ്ടെങ്കിൽ സ്വയം രാജിവച്ചു പുറത്തു പോകണമെന്നുവരെ ആൾക്കൂട്ടത്തിൽ ചിലർ ആക്രോശിച്ചു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നു അധ്യാപകരിൽ ചിലർ അറിയിച്ചപ്പോൾ ചാനലുകാരും പത്രക്കാരും ഇന്നും നാളെയുമായി അങ്ങു പോകും, അതോടെ അന്വേഷണവും തീരുമെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രതികരണം. പോലീസ് സാന്നിധ്യത്തിലാണ് ആളുകൾ അധ്യാപകരോടു കയർത്തത്. പോലീസ് വിഷയത്തിൽ ഇടപെടാതെ മാറിനിന്നു.
ഷഹ്ലയുടെ മരണത്തിനു പിന്നാലെ സർവജന സ്കൂളിൽ അധ്യാപക-വിദ്യാർഥി സൗഹൃദം ഉലഞ്ഞു. അകൽച്ച വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ സ്കൂളിനു മുന്നിൽ വിദ്യാർഥികൾ അധ്യാപകർക്കെതിരെ മുഴക്കിയ മുദ്രാവാക്യങ്ങൾ. അധ്യാപക-വിദ്യാർഥി സൗഹൃദം പുനഃസ്ഥാപിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പധികൃതർ അടിയന്തര നടപടി സ്വീകരിക്കമെന്ന അഭിപ്രായത്തിലാണ് രക്ഷിതാക്കൾ പൊതുവെ.