കൊച്ചി: അപൂർവരോഗമായ സൈലോതൊറാക്സ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് എംആർഐ സ്കാനിംഗിന് വിധേയമാക്കും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച് തീരുമാനിക്കുക. മുലപ്പാൽ കുടിക്കുന്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ് കുട്ടിക്ക്.
പാലക്കാട് സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടേയും 39 ദിവസം പ്രായമായ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്.
ശ്വാസകോശത്തിൽ ഫ്ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്സ്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.