ഭോപ്പാൽ: അലംപുരിലെ എസ്ബിഐ രണ്ട് ഉപഭോക്താക്കൾക്ക് നൽകിയത് ഒരേ അക്കൗണ്ട് നന്പർ. റൂറായ് ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗും റോനി ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് എടുത്തത്.
ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകൾക്ക് ഒരേ നന്പർ നൽകുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞില്ല.
അക്കൗണ്ട് എടുത്തതിന് പിന്നാലെ റൂറയ് ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗ് ഹരിയാനയിലേക്ക് ജോലി തേടി പോയി. അവിടെയെത്തി ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാൾ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുർ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും.
എന്നാൽ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിംഗിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാൾ അറിഞ്ഞില്ല. കഴിഞ്ഞ മാസം ഹരിയാനയിൽ നിന്നു ഹുക്കും സിംഗ് മടങ്ങിയെത്തി പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് സത്യം മനസ്സിലായത്. ബാങ്കിൽ ഉണ്ടാകേണ്ട 1,40,000 രൂപയുടെ സ്ഥാനത്ത് അക്കൗണ്ടിൽ അവശേഷിച്ചത് 35,400 രൂപ മാത്രം.
വിഷയം അറിഞ്ഞ ബാങ്ക് അധികൃതർ ഇത് തന്നിൽ നിന്ന് മറച്ചുപിടിച്ചെന്നാണ് ഹരിയാനയിൽ നിന്നുള്ള ഹുക്കും സിംഗ് ആരോപിക്കുന്നത്. അബദ്ധം പറ്റിയതാണെന്ന് എസ്ബിഐ അധികൃതർ സമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
അതേസമയം പൈസ തിരിച്ചടയ്ക്കണമെന്ന് റൂറായ് ഗ്രാമത്തിൽ നിന്നുള്ള ഹുക്കും സിംഗിനോട് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വീഴ്ച പറ്റിയത് ബാങ്കിനാണെന്നും കള്ളപ്പണം പിടിച്ചെടുത്ത നരേന്ദ്ര മോദി നൽകിയ പൈസയാണ് ഇതെന്ന് കരുതിയാണ് താൻ പണം പിൻവലിച്ചതെന്നുമാണ് ഹുക്കും സിംഗിന്റെ മറുപടി.