പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും തങ്ങളുടെ പരിതാപകരമായ അധോഗതിയിലുള്ള ആകുലതകളിലാണ് പരിസര വാസികള്‍.
നേവല്‍ അക്കാഡമി ഏഴിമലയില്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയത് 1982 ലാണ്.
ആരും കുടിയൊഴിയേണ്ടി വരില്ലെന്നും പുറമ്പോക്ക് സ്ഥലമായ പൂച്ചാല്‍ കടലോരമാണ് ഇതിനായി അക്വയര്‍ ചെയ്യുന്നതെന്നുമാണ് അന്നത്തെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് സര്‍ക്കാര്‍ ഉത്തരവുപ്രകാരം യുദ്ധകാലാടിസ്ഥാനത്തിലുള്ള കുടിയൊഴിപ്പിക്കല്‍ വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ജനങ്ങള്‍ തിരിച്ചറിഞ്ഞത്.
1200 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് 2452 ഏക്കര്‍ സ്ഥലമേറ്റെടുത്തത്. ഏക്കര്‍ കണക്കിന് സ്വത്തുണ്ടായിരുന്നവര് ചാക്കില്‍ കെട്ടിയ പണവുമായി സ്ഥലം വിട്ടപ്പോള്‍ അഞ്ചും പത്തും സെന്റ് സ്ഥലമുണ്ടായിരുന്ന കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് നട്ടം തിരിഞ്ഞത്.
ജനവാസയോഗ്യമല്ലാതിരുന്ന ഏഴിമലയുടെ മലമടക്കുകളില്‍ ഇവരുടെ പുനരധിവാസത്തിനായി നല്കിയ സ്ഥലത്ത് ജീവിതം വഴിമുട്ടിയ ഇവര്‍ക്ക് ആശ്വാസമായത് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളാണ്. ഏറ്റെടുത്ത സ്ഥലത്ത് 2017 ജനുവരി 17ന് രാജീവ് ഗാന്ധി തറക്കല്ലിട്ടപ്പോള്‍ കുടിയൊഴിപ്പിക്കപെട്ടവര്ക്കായി നല്കിയ ജോലി വാഗ്ദാനമുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളൊന്നും സര്‍ക്കാരിന്റെ ഒരുരേഖകളിലും ഇടംപിടിക്കാത്തത് മറ്റൊരു വഞ്ചനയായി മാറി.
കുടിയൊഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി സ്ഥലം വിട്ടവര്‍ പിന്നീട് തിരിഞ്ഞ് നോക്കിയില്ല എന്നതാണ് വസ്തുത. ഒടുവില്‍ എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവിലാണ് പുനരധിവാസ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടാര്‍ ചെയ്തത്. കുടിയൊഴിപ്പിക്കല്‍ നടന്ന് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പലതും നടപ്പാക്കിയിട്ടില്ല. അതിനിടയിലാണ് വര്‍ഷങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ലാതെ കിടന്നിരുന്ന നേവല്‍ അക്കാഡമി പ്രദേശം പെറ്റുപെരുകിയ കുരങ്ങുകളുടെ താവളമായത്.
നേവിയിലെ നിര്മ്മാണപ്രവര്ത്തനമാരംഭിച്ചതോടെ ജനവാസ കേന്ദ്രങ്ങളിലേക്കെത്തിയ വാനര ശല്യത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയിട്ട് വര്‍ഷങ്ങളായി. ഒരു തേങ്ങ പോലും കിട്ടാതായതോടെ ഈ പ്രദേശങ്ങളില്‍ സുലഭമായിരുന്ന തെങ്ങുകൃഷിയെ പാടെ ഉപേക്ഷിച്ച മട്ടിലാണ് ജനങ്ങള്‍. പച്ചക്കറികൃഷി-വാഴകൃഷി എന്നിവയില്‍നിന്നും ജനങ്ങള്‍ക്ക് പിന്തിരിയേണ്ടി വന്നു.
നേവിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പിന്നീട് പരിസരവാസികള്‍ക്ക് ആശ്വാസമായത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതോടെ ആ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നവര്‍ക്കും ജോലിയില്ലാതായി.നേവി മൂലം രാമന്തളി പ്രദേശത്തെ കിണര്‍വെള്ളം മലിനമായി എന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളോളം ജനങ്ങള്‍ സമരരംഗത്തുമായിരുന്നു.
നേവിയുടെ വരവോടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ രാമന്തളി പഞ്ചായത്തിലെ ചെങ്കല്‍- കരിങ്കല്‍ മേഖലകള്‍ നിശ്ചലമായിരുന്നു. ഇതോടെ ഈ മേഖലകളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന അയിരങ്ങള്ക്ക് ജോലിയില്ലാതായിരുന്നു. നേവിയിലേക്കുള്ള മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സുഗമമായ യാത്രക്കായി കേളോത്തെ ടോള്‍ ബൂത്തിലെ ഹമ്പുകള്‍ നീക്കം ചെയ്തവര്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ഏക റോഡായ ടോപ് റോഡിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കാഴ്ച കാണുന്നുമില്ല.
സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലമാണ് പുനരധിവാസത്തിനായി നല്‍കിയത്. എന്നാല്‍ സ്ഥലം വാങ്ങിയതിന്റേയോ ഓരോരുത്തര്‍ക്കും നല്‍കിയതിന്റെയോ രേഖകള്‍ ഒരിടത്തുമില്ലാത്തതിനാലുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും കീറാമുട്ടിയായി അവശേഷിക്കുന്നു. പ്രശ്നപരിഹാരത്തിനായി റീസര്‍വ്വേ നടത്തിയവര്‍ ഈ സ്ഥലങ്ങള്‍ സര്ക്കാര്വകയാണെന്ന് രേഖപ്പെടുത്തി സ്ഥലം വിട്ടതിനാല്‍ നികുതിയടക്കാന്‍ പോലും പറ്റാത്ത ഗതികേടിലാണ് കുടിയൊഴിക്കപ്പെട്ടവര്‍.
രാജ്യരക്ഷക്കായുള്ള ഇത്രയും ബൃഹത്തായ പദ്ധതിക്കായി എല്ലാം സമര്‍പ്പിച്ചവര്‍ വഴിയാധാരമായിട്ടും ഇവര്‍ക്ക് താങ്ങാകാനുള്ള ഒരു പദ്ധതിയും ആരും നടപ്പാക്കുന്നുമില്ല. മറ്റു സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് തടയിടാന്‍ നേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരനുഭവങ്ങള്‍ നിരത്തുന്ന സാഹചര്യങ്ങളില്‍ വരെയെത്തി നില്‍ക്കുകയാണ് ജനങ്ങള്‍ക്കുള്ള തിക്താനുഭവങ്ങള്‍.