മുക്കം: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു നിർബന്ധിത അവധിയിലെന്ന് സൂചന. നിലവിൽ ഷാജു കേസിൽ പ്രതിയല്ലങ്കിലും അദ്ദേഹത്തോട് സ്കൂളിലേക്ക് വരേണ്ടതില്ലന്ന നിർദേശം നൽകിയതായാണ് വിവരം.
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ കേസെടുത്ത ആദ്യ ദിനങ്ങളിൽ മാത്രമാണ് ഷാജു ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. തുടർന്ന് കേസ് വിവാദമായ സാഹചര്യത്തിൽ താത്ക്കാലികമായി മാറി നിൽക്കുകയായിരുന്നു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരവധി തവണ ചോദ്യം ചെയ്തതോടെ സ്കുളിലേക്ക് വരാതെയായി. അതിനിടെയാണ് ലീവെടുക്കാൻ മാനേജ്മെന്റ് കമ്മറ്റി വാക്കാൽ അറിയിച്ചിരിക്കുന്നത്. കേസെടുക്കാത്ത സാഹചര്യത്തിൽ രേഖാമൂലം ലീവ് എടുക്കാൻ ആവശ്യപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു നിർദേശം.
ഷാജുവിന് പകരക്കാരനായി മറ്റൊരു അധ്യാപകൻ ചാർജെടുത്തതായും വിവരമുണ്ട്. ഇക്കഴിഞ്ഞ മുക്കം ഉപജില്ല സ്കൂൾ കലോത്സവം നടന്നതും ആനയംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പക്ഷെ ഒരു ദിവസം പോലും ഷാജു സ്കൂളിലെത്തിയിരുന്നില്ല.
നിലവിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷാജുവിനെ നിരവധി തവണ വടകരയിലും മുക്കത്തും ചോദ്യം ചെയ്തത്. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് സിലി കൊലപാതക കേസ് അന്വേഷിക്കുന്നത്. സിലിയെ മൂന്ന് തവണ അപായപ്പെടുത്താൻ ശ്രമിച്ചു എന്നും ഇതിൽ മൂന്നാം തവണയാണ് മരിച്ചതെന്നും ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
സിലിയെ കൊന്നതാണന്ന് ഷാജുവിന് അറിയാമായിരുന്നു എന്നും രണ്ട് തവണ തന്നെ സഹായിച്ചിരുന്നു എന്നും ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായായും സൂചനയുണ്ട്. നേരത്തെ ജോളിയേയും ഷാജുവിനേയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ജോളിയുടെ ആരോപണങ്ങളെല്ലാം ഷാജു തള്ളിയിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതിരുന്ന അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചാണ് ഓരോ തവണയും ചോദ്യം ചെയ്തത്.
ഷാജു ജോലി ചെയ്തിരുന്ന ആനയം കുന്ന് ഹയർ സെക്കൻഡറി സ്കുളിലെത്തിയും അന്വേഷണ സംഘം തെളിവെകൾ ശേഖരിച്ചു. സിലിമരിച്ച ദിവസം ഷാജു സ്കൂളിൽ വന്നിരുന്നോ, എത്ര ദിവസം ലീവെടുത്തു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്.
ഷാജുവിന്റെ സഹപ്രവർത്തകരിൽ നിന്നെല്ലാം വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ജോളിയുമായുള്ള വിവാഹശേഷം രണ്ട് പേരും സ്കൂളിൽ വന്നിരുന്നോ, അധ്യാപകരും സഹപ്രവർത്തകരുമെല്ലാം ഷാജുവിന്റെ വീട്ടിൽ പോയിരുന്നോ, കല്യാണദിവസം ഷാജു ഏറെ സന്തോഷവാനായിരുന്നോ തുടങ്ങിയ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്.