കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്മ ക്ഷേത്രപരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ നടപടികളുമായി ആരോഗ്യ വകുപ്പ്. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിനായി ആരോഗ്യവകുപ്പ് അധികൃതർ പവിത്രം പടനിലം എന്ന പേരിൽ പ്ലാസ്റ്റിക് രഹിത വൃശ്ചികോത്സവത്തിനായി ഭരണ സമിതിയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ തുടങ്ങി.വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്തുള്ള സ്റ്റാളുകളിൽ പ്ലാസ്റ്റിക് ഉപയോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറയ്ക്കുവാൻ സാധിച്ചു.
ബജിക്കടകളിൽ ഭക്ഷണം വാഴ ഇലകളിൽ നല്കിയതോടെ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ഇല്ലാതായി. ആദ്യ ദിവസം തന്നെ എല്ലാ കടകളിലും നല്കിയ അച്ചടിച്ച ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്റ്റാളുകളെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കി.തുടർന്നും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഫൈൻ ഈടാക്കിയതോടെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഡിസ്പോസിബിൾ ഗ്ലാസ്സ് ഉപയോഗം പൂർണമായി അവസാനിപ്പിക്കുവാൻ സാധിച്ചു.
കളറുകൾ ചേർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ഫൈൻ ഈടാക്കുകയും ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, ഹെൽത്ത് ഇൻസെപ്ക്ടർമാരായ പി സി മധുകുമാർ, പ്രദിപ് കുമാർ, പ്രദീപ് വ്യാര്യത്ത്, വിനോദ് എന്നിവരുടെ നേത്യത്വത്തിൽ പതിനഞ്ചോളംജൂനിയർ ഹെൽത്ത് ഇൻസെപക്ടർമാരുടെ ടീം നാല് സ്വകാഡുകളായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതരായി പടനിലത്തുണ്ട്.
ജലജന്യരോഗ നിയന്ത്രണത്തിനായി ക്ഷേത്രസന്നിധിയിലേയും പരിസര പ്രദേശത്തേയും ഇരുനൂറിൽപരം കിണറുകൾ ആശാ പ്രവർത്തകരെ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേഷനാക്കി.പരബ്രഹ്മസന്നിധിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, ബജ്ജികടകൾ എന്നിവിടങ്ങളിൽ എല്ലാ ദിവസവും പരിശോധന കർശനമാക്കിയിട്ടുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരെ ഉൾപ്പെടുത്തി സക്വാഡ് രൂപികരിച്ച് ക്ലിയറിംഗ് സുപ്പർ വിഷൻ എന്നിവ എല്ലാ ദിവസവും നടത്തുന്നതായും അധികൃതർ അറിയിച്ചു.