സ്വന്തം ലേഖകന്‍
കോഴിക്കോട്: കലോത്സവ നഗരിയില്‍ പണികിഴികളുമായി എത്തുന്ന പ്രാഞ്ചിയേട്ടന്മാര്ക്ക് ഇത്തവണയും കുറവില്ല. ഗ്രേസ് മാര്‍ക്കൊക്കെ ഒഴിവാക്കിയെങ്കിലും സ്കൂളിന്റെ പ്രശ്സ്തി വര്‍ധിപ്പിക്കാനായി ഇത്തരം ആളുകള്‍ വിധികകര്ത്താക്കള്ക്കും ഉദ്യോഗസ്ഥർക്കും ഇടയില്‍ പണമടങ്ങിയ ബാഗുമായി ഓടിനടക്കുകയാണ്.
നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്കൂളുകള്‍ക്കു വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തികഴിഞ്ഞു. പ്രകടനം നോക്കിയല്ല നേരത്തെ നിശ്ചയിച്ച സ്കൂളിലെ താരങ്ങള്‍ക്ക് തന്നെ സംസ്ഥാന കലോല്‍സവത്തിലേക്ക് ടിക്കറ്റ് വാങ്ങിച്ചുനല്കുകയാണ് ഇവരുടെ കടമ.
കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്‍ഡറിവിഭാഗം നാടകമത്സരം ഈ ആരോപണം ശരിവയ്ക്കുകയാണ്. ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നതായി കാണികളും നാടകവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു.
ഒന്നാം സ്ഥാനം ലഭിച്ച നാടകം അവതരിപ്പിച്ച മല്സരാര്ഥികള് നാടകത്തിനിടെ സ്റ്റേജില്‍ വീഴുന്ന സംഭവം വരെയുണ്ടായി.എന്നിട്ടും ഈ നാടകത്തിന് മൈനസ് മാര്‍ക്ക് ലഭിച്ചില്ല എന്നുമാത്രമല്ല ഒന്നാംസ്ഥാനം നേടുകയും ചെയ്തു. പ്രമുഖസ്കൂളിന് ഒന്നാം സ്ഥാനം നല്‍കാനായി മൂന്നുവിധികര്ത്താക്കളില് ഒരാള്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.
ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് ഈ വിധികര്‍ത്താവിനെ ജീപ്പില്‍ കയറ്റി സുരക്ഷിതസ്ഥാനത്തെത്തിച്ചത്. ഇതിനിടയില്‍ വിധികര്‍ത്താവ് അസഭ്യ പ്രയോഗം നടത്തുകയും തനിനിറം കാണിക്കുകയും ചെയ്തെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരടക്കം പറയുന്നു. അധ്യാപകസംഘടനകളുടെ നേതാക്കളാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. തുടര്‍ച്ചയായി വിധികര്‍ത്താക്കളായി രംഗത്തെത്തുന്നതും ഇവര്‍ തന്നെ. ഇപ്പോള്‍ പ്രമുഖ സ്കൂളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന്
പറയുന്ന വിധികര്‍ത്താവ് കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ നടന്ന കലോത്സവത്തില്‍ മൂന്ന് രണ്ടാംസ്ഥാനം നല്കി “പ്രശ്സ്തനായ’ ആളാണത്രെ. പലയിടത്തും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രതിഭകള്‍ തഴയപ്പെടുന്നതിന് കാരണം അൺഎയ്ഡഡ് സ്കൂളുകള്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്പണം വാരി എറിയുന്നതുകൊണ്ടാണെന്നാണ് ആക്ഷേപം.
നിരിവധി സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ പരാതിയുമായി ഇതിനകം രംഗത്തെത്തി കഴിഞ്ഞു. അതേസമയം പ്രശ്സ്തിക്കുവേണ്ടി നഗരത്തിലെ രണ്ട് പ്രമുഖസ്കൂളുകള് വടം വലി നടത്തുന്നതും പതിവാണ്. ഇതിനുപുറമേയാണ് ഈ സ്കൂളുകള്‍ വാദികളും പ്രതികളുമാകുന്നസംഭവങ്ങള് .
കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ ഭരതനാട്യം മത്സരത്തിനുശേഷം ചിലര്‍ ജഡ്ജസിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ച 1.30 ഓടെ ടാബുലേഷനില്‍ പിശക് പറ്റിയതായി പറയുകയും നേരത്തെ വിജയിയായി പ്രഖ്യാപിച്ച സ്കൂളിനെ മൂന്നാംസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. രണ്ടാം സ്ഥാനം മറ്റൊരു “പ്രമുഖ’ സ്കൂളിനായതിനാല് അതില്തൊട്ടുകളിക്കാനും പറ്റിയില്ല.
ഗ്രേസ് മാര്‍ക്ക് ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ അനാവശ്യമായ മത്സര ത്വര ഇല്ല. പക്ഷെ , സ്കൂളുകളുടെ ഒന്നാമതെത്താനുള്ള മോഹമാണ് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതെന്നാണ് ആക്ഷേപം. സ്കൂളുകൾ ഒന്നിലും നേരിട്ട് ഇടപെടാറില്ല. ജീവനക്കാരായ ചിലരാണ് വർഷങ്ങളായി പണക്കിഴയുമായി ഓടിനടന്ന് സ്കൂളിന് സൽപേര് സന്പാദിച്ചുകൊടുക്കുന്നത്.