ഹോളിവുഡ് താരം മൈക്കേൽ മാഡ്സൺ തെലുങ്കിൽ അഭിനയിക്കുന്നോ. അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.ഹേമന്ദ് മധുകർ സംവിധാനം ചെയ്യുന്ന നിശബ്ദം എന്ന തെലുങ്ക് ചിത്രത്തിൽ മൈക്കേൽ മാഡ്സണും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന നിശബ്ദത്തിൽ അനുഷ്കയും മാധവനുമാണ് നായികാനായകന്മാരാകുന്നത്.
37 വർഷമായി ഹോളിവുഡിൽ സജീവമായി നിൽക്കുന്ന മൈക്കേൽ മാഡ്സൺ ക്വന്റിൻ ടരന്റിനോ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങും പ്രേക്ഷകരുടെ പ്രിയങ്കരനായത്. കിൽ ബിൽ, റിസർവോയർ ഡോഗ്സ്, ദ ഹേറ്റ്ഫുൾ എയിറ്റ്, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ടരന്റിനോ ചിത്രങ്ങളിലെല്ലാം മാഡ്സൺ സ്ഥിരം സാന്നിധ്യമായിരുന്നു.
ഹോളിവുഡിലെ ഒന്നാം നിര താരങ്ങൾ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് വിരളമാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിദേശികളാണെന്ന് വാർത്തകളുണ്ടായിരുന്നു. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന ഗായകന്റെ വേഷമാണ് ചിത്രത്തിൽ മാധവന്. കോന ഫിലിം കോർപ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേർന്നാണ് നിശബ്ദം നിർമിക്കുന്നത്. തെലുങ്കിന് പുറമെ, തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും നിശബ്ദം റിലീസ് ചെയ്യുന്നുണ്ട്.