കോഴിക്കോട്: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. അതിരാവിലെ മുതല്‍ ഡ്രൈവമാര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് ബസോടിക്കുന്നതെന്ന് എക്സൈസും പോലീസും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മദ്യവും കഞ്ചാവുമാണ് ഡ്രൈവര്‍മാര്‍ പതിവായി ഉപയോഗിച്ചുവരുന്നതെന്നാണ് കണ്ടെത്തല്‍. അതേസമയം വിലകൂടിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുണ്ടെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്ന പോലീസ് ഡ്രൈവര്‍മാരെ വിശദമായി നിരീക്ഷിച്ചത്. പലരും രാവിലെ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് മനസിലാക്കിയ ട്രാഫിക് പോലീസ് പരിശോധനയുമായി രംഗത്തെത്തി. ജൂലൈയിലായിരുന്നു അതിരാവിലെ തന്നെ ട്രാഫിക് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ചില ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
ഇവര്‍ക്ക് താക്കീതും നല്കി. എന്നാല്‍ പിന്നീട് പരിശോധന നടത്താന്‍ സാധിച്ചില്ല. അതിനിടെയാണ് എക്സൈസിന് രഹസ്യവിവരം ലഭിക്കുന്നത്. പുതിയ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്നായിരുന്നു വിവരം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയാണ് കഞ്ചാ് എത്തിക്കുന്നതെന്ന് ബോധ്യമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം വയനാട് അമ്പലവയല്‍ സ്വദേശി ബാബു (54)നെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടുകയും ചെയ്തു.
ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചവ് വില്പന നടത്തിയുന്നത്. പുലര്‍ച്ചെ അഞ്ചിനും ഏഴിനുമിടയില്‍ കഞ്ചാവ് വില്പന നടത്തി തിരിച്ചുപോവുകയാണ പതിവ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ദിവസവും പരിശോധന നടത്താനാണ് പോലീസും എക്സൈസും തീരുമാനിച്ചത്.
നിരവധി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതെയും കണ്ടക്ടര്‍ ലൈസെന്‍സ് ലഭിക്കാത്ത ആളുകള്‍ കണ്ടെക്ടര്മാരായി ജോലി ചെയ്യുന്നതായും കെണ്ടത്തി. ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.