നാദാപുരം: ഡോക്ടര്‍ എന്ന വ്യാജേന ഐ ടി ഉദ്യോഗസ്ഥനെ വഞ്ചിച്ച് പണം തട്ടിയ കേസില്‍ യുവതി പോലീസ് കസ്റ്റഡിയില്‍. ഏറണാകുളം വെണ്ണല സ്വദേശിനി തുണ്ടിപറമ്പില്‍ സന്ധ്യ (37)യെയാണ് നാദാപുരം സിഐ കെ.പി.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
പുറമേരി സ്വദേശിയും ബാഗ്ളുരുവില് സോഫ്ട് വെയര്‍ ഉദ്യോഗ്ഥനുമായ യുവാവിനെയാണ് യുവതി ഡോക്ടര്‍ എന്ന വ്യാജേന കബളിപ്പിച്ച ലക്ഷങ്ങള്‍ തട്ടിയത്. ആറ് വര്‍ഷം മുമ്പാണ് യുവാവ് ഫെയ്സ്ബുക്കിലൂടെ ഡോക്ടര്‍ പവിത്ര എന്ന പ്രൊഫൈലിലുള്ള യുവതിയെ പരിചയപ്പെടുന്നതും സ്നേഹത്തിലാവുന്നതും.
തുടര്‍ന്ന് ഇരുവരും ഭാര്യ ഭര്ത്താക്കന്മാരായി താമസിച്ച് വരികയായിരുന്നു. യുവാവിന്റെ പുറമേരിയിലെ വീട്ടിലും, ബന്ധുക്കളോടൊപ്പവും യുവതി താമസിക്കുകയും ഇരുവരും കുടുംബ സമേതം വിവിധ സംസ്ഥാനങ്ങളില്‍ ടൂറുകള്‍ പോകുകയും ചെയ്തു.
ബംഗളുരുവില്‍ യുവാവിന്റെ ഫ്ളാറ്റിലും ഇരുവരും കഴിഞ്ഞ് പോന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് കഴിഞ്ഞതാണെന്നും,കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി പൂര്‍ത്തിയാക്കിയതാണെന്നും ഇപ്പോള്‍ ബ്രിട്ടനില്‍ ലാപ്രോസ്കോപ്പിക്ക് സര്‍ജറിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണെന്നുമാണ് യുവതി യുവാവിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചത്. രക്ത സംബന്ധമായ അസുഖം എനിക്കുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പണം വേണമെന്നു പറഞ്ഞുമാണ് പലപ്പോഴുമായി പണം കൈപ്പറ്റിയത്.
യുവതി ബ്രിട്ടനില്‍ ഗവേഷണത്തിന് പോകാനായി വിമാന ടിക്കറ്റിനുമായി പണം വേറെയും വാങ്ങുകയുണ്ടായി. പലപ്പോഴായി യുവാവ് യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും ഗവേഷണത്തിന് ശേഷം വിവാഹം എന്ന നിലപാടാണ് യുവതി സ്വീകരിച്ചിരുന്നത്.
തന്റെ പിതാവിന് ഐ ടി ഉദ്യോഗസ്ഥനുമായുള്ള വിവാഹത്തിന് ഇഷ്ടമല്ലെന്നും ഡോകടറെയാണ് ഇഷ്ടമെന്നും യുവതി പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇതിനിടെ ബംഗ്ുരുവില് പുതിയ ഫ്ളാറ്റില്‍ താമസം മാറുന്നതിനായി മുറിയെടുക്കുന്നതിനിടെ കെട്ടിട ഉടമ രണ്ട് പേരുടെയും ഐ ഡി കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് കൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.ഇതില്‍ സംശയം തോന്നിയ ഐ ടി ഉദ്യോഗസ്ഥന് നാദാപുരം പോലീസില്‍ യുവതിയെ പറ്റി പരാതി നല്‍കുകയായിരുന്നു.
നാദാപുരം എസ് ഐ എന്‍ .പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് യുവതിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് വന്‍ തട്ടിപ്പ് പുറത്തായത്.മുന്നാറില്‍ സ്ക്കൂളില്‍ മ്യൂസിക് ടീച്ചറായി താത്ക്കാലിക ജോലി ചെയ്ത യുവതി വിവാഹ മോചിതയായിരുന്നു.
ഏറണാകുളത്ത് മെഡിക്കല്‍ ട്രാന്‍സ് ക്രിപഷന് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സര്‍ജനാണെന്നും ഇവര്‍ യുവാവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു.അടുത്തിടെ ബ്രിട്ടനില്‍ പോകുന്നു എന്ന് പറഞ്ഞ് യുവതി മുംബൈയില്‍ വീട്ടുജോലിക്ക് പോയതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആള്‍മാറാട്ടത്തിനും,പണം തട്ടിയെടുത്തതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.