കലിഫോർണിയയിലെ സൗത്ത് ലേക്ക് താഹോയിലെ താമസക്കാരനായ ആദം ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തന്‍റെ കാറിന്‍റെ ഡോർ തുറന്നുകിടക്കുന്നതാണ്. മോഷണശ്രമമാണോ എന്ന് ഭയന്ന് ആദം കാർ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ മുറ്റത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാർ തുറന്ന ആ കള്ളൻ ഒരു വലിയ കരടിയാണ്.
പുലർച്ചെ 1.14നാണ് കാറിനു സമീപം കരടിയെത്തിയത്. കാറിന്‍റെ ഡോർ തുറന്ന് അകത്തുകയറുന്ന കരടി ഏറെനേരം കാറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. കാറിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാണ് കരടി കയറിയതെന്നാണ് കരുതുന്നത്.
അതേസമയം, കാറിൽ കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെന്ന് ആദം പറഞ്ഞു. ഇതിനു മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കരടി കാറിനുള്ളിൽ കയറുന്നതെന്നും ആദം പറഞ്ഞു.