153 ദിവസംകൊണ്ട് ദുബായിലെ മനോജ് വർഗീസും കുടുംബവും തീർത്തത് പുതിയ ചരിത്രം. വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തു പ്രതി തയാറാക്കിക്കൊണ്ടാണ് ഈ പ്രവാസി മലയാളികുടുംബം ഗിന്നസ് റിക്കാർഡിൽ എത്തിയിരിക്കുന്നത്.
മനോജ് വർഗീസ്, ഭാര്യ സൂസൻ, മക്കളായ കരുൺ, കൃപ എന്നിവർ ചേർന്നാണ് ബൈബിൾ അഞ്ചു മാസംകൊണ്ടു പകർത്തിയെഴുതിയത്. എഴുതിത്തീർന്നപ്പോൾ അതു ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തു പ്രതിയായി. മാത്രമല്ല, 151 കിലോഗ്രാം ഭാരവും. എ വണ്‍ സൈസ് പേപ്പറിൽ എഴുതിയുണ്ടാക്കിയ ബൈബിളില്‍ 1,500 പേജുകളുണ്ട്. 85.5 സെന്റിമീറ്റർ നീളവും, 60.7 സെന്റിമീറ്റർ വീതിയുമുണ്ട്.
ജെബല്‍ അലിയിലെ മാര്‍ത്തോമ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണാൻ നിരവധി പേരാണ് എത്തുന്നത്. മനോഹരമായ പുറംചട്ടയും ഹോളി ബൈബിൾ എന്ന സുവർണ ലിപിയും ആരുടെയും മനംകവരും.
ഗിന്നസ് ബുക്ക് അധികൃതർ എത്തി ബൈബിൾ പരിശോധിച്ചു. വലിപ്പവും എഴുത്തും വിദഗ്ധർ പരിശോധിച്ചു. ബൈബിൾ എഴുതുന്ന വീഡിയോ ഉൾപ്പെടെ അവർ ശേഖരിച്ചിട്ടുണ്ട്. മക്കൾക്ക് സമ്മാനം നൽകാൻ ഒരു ബൈബിൾ പ്രതി എഴുതിയുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നു സൂസൻ പറയുന്നു. ഗിന്നസ് ബുക്കും റിക്കാർഡുമൊന്നും മനസിൽ പോലുമില്ലായിരുന്നു.
ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപന ഉടമയായ മനോജ് ആണ് വലിയ പേപ്പറിൽ തയാറാക്കുക എന്ന ആശയംകൊണ്ടുവന്നത്. കുടുംബം ഒരേ മനസോടെ അത് ഏറ്റെടുത്തപ്പോൾ പുതിയ ചരിത്രം പിറന്നു.
കഴിഞ്ഞ മേയ് 11നാണ് എഴുതിത്തുടങ്ങിയത്. 60 പുസ്തകങ്ങളും സൂസൻ തന്നെയാണ് എഴുതിയത്. ഒക്ടോബർ 10ന് പൂർത്തിയാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിനു ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ബൈബിള്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.