മലയാളത്തനിമയുള്ള കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. നാടൻ പെൺകുട്ടിയായുള്ള വേഷങ്ങൾ അനു വളരെ തൻമയത്വത്തോടെ കൈകാര്യം ചെയ്യുന്നു.
ചെറിയ വേഷങ്ങളിലൂടെയാണ് അനു സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിൽ മാലിനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അനുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്.
മലയാള സിനിമാ ലോകത്ത് തന്നെ ഏറെ ചർച്ചവിഷയമായി ഈ കഥാപാത്രം. ജയസൂര്യ, ദിലീപ് തുടങ്ങിയവരുടെ നായികയായും അനു വേഷമിട്ടു. ഇപ്പോൾ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചരിത്ര സിനിമയായ മാമാങ്കത്തിൽ മാണിക്യമായി എത്തുകയാണ് അനു. മൂന്ന് നായികമാരാണ് മാമാങ്കത്തിലുള്ളത്. അതിൽ ഒരാളാണ് അനു.
മാമാങ്കത്തിലേക്കുള്ള കടന്നു വരവ്
മാമാങ്കം എന്ന സിനിമയിലേക്ക് എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ആവേശമായി. ചരിത്ര പ്രാധാന്യമുള്ള സിനിമയാണിത്. മലയാളത്തിൽ ഇതുപോലുള്ള സിനിമകൾ കുറച്ചേ ഉള്ളൂ. ഇത്തരം സിനിമകൾ എപ്പോഴും ലഭിക്കുകയില്ല. പല ഭാഷകളിൽ ഒരുമിച്ചു റിലീസ് ചെയ്യുന്ന സിനിമയും കൂടെ ആണ്. അതുകൊണ്ടു തന്നെ വേഷം സ്വീകരിച്ചു. “മമ്മൂക്കയല്ലെ ഹീറോ പിന്നെ ഒന്നും നോക്കിയില്ല’.
മാമാങ്കത്തിലെ മാണിക്യത്തെക്കുറിച്ച്
ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ് ഈ സിനിമയിൽ ഞാൻ ചെയ്യുന്നത്. മാണിക്യം എന്നാണ് കഥാപാത്രത്തിന്റെ പേര്. നാടിനു വേണ്ടി ചാവേറായി ഭർത്താവ് പോകേണ്ടി വരുന്ന വൈകാരികമായ മുഹൂർത്തങ്ങളിൽ കരയാൻ പോലും പറ്റാതെ എല്ലാം അടക്കിപിടിച്ചു നിൽക്കേണ്ടി വരുന്ന ഭാര്യയെയാണ് കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയിൽ കളരിയൊന്നും ചെയ്യേണ്ടി വന്നില്ല. അങ്ങനെയുള്ള ഒരു കഥാപാത്രമല്ല മാണിക്യം. ഉണ്ണി മുകുന്ദനെ മുൻപേ പരിചയം ഉള്ളതാണ്. ഭർത്താവ് വിഷ്ണു ആയും സുഹൃത്തുക്കൾ ആണ്.
ലൊക്കേഷൻ അനുഭവങ്ങൾ
വളരെ നല്ല അനുഭവമായിരുന്നു ലൊക്കേഷൻ. കനിഹ ചേച്ചിയെ പരിചയപ്പെടുന്നത് സെറ്റിൽ നിന്നാണ്. സമയം കിട്ടുന്പോഴൊക്കെ ഞങ്ങൾ സംസാരിച്ചിരിക്കും. പാർവതി ചേച്ചിയും ഉണ്ടാകും ഒപ്പം. മാമാങ്കത്തിന് വേണ്ടി അഞ്ചു കോടി മുടക്കി വലിയ ഒരു സെറ്റ് ഒരുക്കിയിരുന്നു. ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി.
എല്ലാ സെറ്റുകളും പഴയ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പോലെ ആയിരുന്നു. ഓല മേഞ്ഞ വീടുകളും പഴയ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ അഭിനേതാക്കളും എല്ലാം കൂടെ പഴയകാലത്തേക്ക് എത്തിപ്പെട്ട ഒരനുഭവമായിരുന്നു.
മമ്മൂട്ടി എന്ന മഹാനടൻ
മലയാള സിനിമ ചരിത്രത്തിനു വലിയൊരു മുതൽക്കൂട്ടാകും മാമാങ്കം. അതിൽ നായകനായി എത്തുന്നതാകട്ടെ മലയാള സിനിമയിലെ സൂപ്പർ താരം മമ്മൂട്ടിയും. മമ്മൂക്കയെ ചെറുപ്പം മുതലേ ഇഷ്ടമാണ്. മമ്മൂക്ക എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ചേകവരായി വേഷമിട്ട് മുന്നിൽ വന്നു നിൽക്കുന്പോൾ ചരിത്ര പുരുഷനെ നേരിൽ കാണുന്ന ഒരു ഫീൽ ആയിരുന്നു.
മമ്മൂക്കയോടൊപ്പം മാസ്റ്റർ അച്യുതനും പ്രധാന വേഷമിടുന്നുണ്ട്. അച്യുതന്റെ ആദ്യ സിനിമയാണ്. ഡയറക്ടർ സർ പറയുന്ന അതെ രീതിയിൽ വളരെ നന്നായി അവൻ അഭിനയിക്കുന്നുണ്ട്. ഇതിലെ എല്ലാവരും നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്കു ,ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുമിച്ചു റിലീസ് ചെയ്യുന്ന സിനിമ ആണിത്.
വസ്ത്രധാരണത്തിന്റെ പേരിൽ വന്ന വാർത്തകൾ
ചരിത്രസിനിമയായതു കൊണ്ട് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ കുറച്ച് കണ്ഫ്യൂഷൻ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതിയെ കുറിച്ച് നമുക്കറിയാലോ. അങ്ങനെ ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു. വസ്ത്രാലങ്കാരം ചെയ്യുന്നവർ ആ ആശങ്കകളെല്ലാം ഒഴിവാക്കിത്തന്നു. വലിയ വാർത്തയാക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നു. ഏത് കഥയായാലും ഞാൻ ഉപയോഗിക്കുന്ന വസ്ത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അത്രയേ ഇതിലും ഉണ്ടായിട്ടുളൂ.
മാളവികയുടെ പോസ്റ്റിനെ പറ്റി
മാളവിക ആദ്യ ഷൂട്ടിൽ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ വേറേ സിനിമ ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ട് ഡേറ്റ് ഉണ്ടായില്ല. അത്രയേ അവളും ഉദേശിച്ചിട്ടുള്ളൂ. പക്ഷെ വാർത്ത വന്നപ്പോ അനുസിതാര മാളവികയെ മാറ്റി എന്നൊക്കെ ആണ്. മാളവിക എന്നെ വിളിച്ച് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ചേച്ചി എന്നൊക്കെ പറഞ്ഞു. ഇതൊന്നും മൈൻഡ് ചെയ്യേ വേണ്ട വിട്ടുകള എന്നൊക്കെ ഞാൻ മാളൂനോട് പറഞ്ഞു. വ്യൂസ് കൂടാൻ വേണ്ടി ചെയ്യുന്നതാണിതൊക്കെ.
വിവാഹശേഷം സിനിമയിൽ സജീവമായി
സാധാരണ സിനിമ നടിമാർ വിവാഹത്തോടെ അഭിനയം നിർത്തുന്ന കാലഘട്ടത്തിലാണ് വിവാഹത്തിനുശേഷം സിനിമയിൽ കൂടുതൽ സജീവമായി മാറുകയാണ് അനു സിത്താര. 2013ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.
തുടർന്ന് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഇതിനകം തൊട്ടതെല്ലാം പൊന്നാക്കി 25യോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ അനു സിത്താര സോഷ്യൽമീഡിയയിലും സജീവമായ സാന്നിധ്യം അറിയിക്കാറുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാൻ മിടുക്കിയാണ് അനു സിത്താര.
കുടുംബം
വയനാട്ടിലെ കല്പറ്റയിലാണ് വീട്. അച്ഛൻ അബ്ദുൾ സലാം. അമ്മ രേണുക കല്പറ്റയിൽ നൃത്തവിദ്യാലയം നടത്തുന്നു. കല്പറ്റ എസ്കെഎം ജെ ഹൈസ്കൂളിലാണ് പഠിച്ചത്. പിന്നീട് കേരള കലാമണ്ഡലത്തിൽ ചേർന്നു. മോഹിനിയാട്ടമായിരുന്നു മെയിൻ. കൂടെ കുച്ചുപ്പുടിയും പഠിച്ചു. അമ്മ നർത്തകിയായതു കൊണ്ടു ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിച്ചിരുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നു.
ബികോമിനു പഠിക്കുന്പോഴാണ് കാലിക്കട്ട് യൂണിവേഴ്സിറ്റി എഫ് സോണ് കലോത്സവത്തിൽ പങ്കെടുത്തത്. മോഹിനിയാട്ടം. ഭരതനാട്യം. കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, ഒപ്പന, സംഘനൃത്തം എന്നീയിനങ്ങളിൽ സമ്മാനം ലഭിച്ചതോടെ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഞാൻ സിനിമയിൽ എത്തിച്ചേരണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് എന്റെ അച്ഛനാണ്. അദേഹം നാടകനടൻ കൂടിയാണ്. നിരവധി നാടകങ്ങളിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്.
ഭർത്താവിന്റെ പിന്തുണ
ഭർത്താവ് വിഷ്ണു പ്രസാദ് ബംഗളൂരുവിൽ ബിറ്റ് ട്രാൻസ് എന്ന പേരിൽ മീഡിയ സ്റ്റുഡിയോ നടത്തുന്നു. പ്ലസ് ടുവിനു പഠിക്കുന്പോഴാണ് ഞങ്ങൾ പ്രണയത്തിലായത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടൻ വരും.
തയാറാക്കിയത്: റിയാരാജു