പീരുമേട്: വാഗമണ്‍ മൊട്ടക്കുന്നിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിൽ വ്യാപകമായ അഴിമതിയെന്ന് ആരോപണം. കക്കൂസ് ടാങ്ക് പൊട്ടി ഒഴുകിയതിനു പിന്നാലെ സോളാർ ലൈറ്റും നിലംപൊത്തി. തറയിൽ പാകിയ ഇന്റർ ലോക്ക് ടൈലുകളും പൊളിഞ്ഞു.
വിനോദസഞ്ചാര വകുപ്പ് 92 ലക്ഷം രൂപ മുടക്കിയാണ് മൊട്ടക്കുന്നിൽ നവീകരണം നടത്തിയത്. പാർക്കിംഗ് ഗ്രൗണ്ട്, ശുചിമുറി, കവാടം, നടപ്പാത, വിശ്രമസ്ഥലം, പൂന്തോട്ടം, സോളാർ ലൈറ്റ് എന്നിവയാണ് 92 ലക്ഷം രൂപ മുടക്കി പണിതത്. ഒരുമാസം മുന്‍പാണ് ശൗചാലയത്തിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി പ്രശ്നമുണ്ടായത്. നിർമാണത്തിലെ അപാകത മൂലമാണ് മാലിന്യ സംഭരണി നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകിയത്. പരാതികൾ ഉയർന്നതോടെ ശൗചാലയം അടച്ചു.
ഇതിനിടെയാണ് സോളാർ ലൈറ്റ് ഒടിഞ്ഞുവീണത്. നടപ്പാതയ്ക്ക് കുറുകെയാണ് ലൈറ്റ് മറിഞ്ഞുവീണത്. സഞ്ചാരികൾ കുറവായിരുന്നതിനാൽ അപകടം ഒഴിവായി. സോളാർ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന ഗുണനിലവാരം കുറഞ്ഞ മറ്റു തൂണുകളും ഉടൻ നിലംപതിക്കുന്ന അവസ്ഥയിലാണ്.
പാർക്കിംഗ് ഗ്രൗണ്ടിൽ പാകിയിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ തകരുകയും ഗ്രൗണ്ടിന്റെ ഒരുഭാഗം ഇടിഞ്ഞു താഴുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിലെ അപാകതകൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകി. നാട്ടുകാരും പ്രതിഷേധത്തിലാണ്.