തൊടുപുഴ: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കുൾപ്പെടെ ഹെൽമറ്റ് നിർബന്ധമാക്കിയതിനേതുടർന്ന് റോഡിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ പോലീസും മോട്ടോർവാഹനവകുപ്പും രംഗത്ത്. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന രീതിയിൽ പരിശോധന പാടില്ലെന്ന നിർദേശത്തെതുടർന്ന് ഡിജിറ്റൽ സംവിധാനത്തിലായിരിക്കും വാഹന പരിശോധന.
റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം കാമറകൾ ഉപയോഗിച്ച് പകർത്തി റജിസ്റ്റേർഡ് ഉടമകളെ കണ്ടെത്തി ഇവർക്ക് നോട്ടീസ് അയയ്ക്കുന്ന രീതിയാണ് ട്രാഫിക് പോലീസ് അവലംബിക്കുന്നത്. മുൻകാലങ്ങളിലേ പോലെ ഏറെ നേരം വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പരിശോധനകൾ ഒഴിവാക്കുന്നതിനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. നോട്ടീസ് ലഭിക്കുന്ന ഉടമകൾ നിയമാനുസൃതമുള്ള പിഴയടച്ചാൽ തുടർ നടപടികളിൽപ്പെടാതെ ഒഴിവാകാം.
ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ നിയമലംഘനങ്ങൾ പിടി കൂടുന്നതിനു പരിശോധന കർശനമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പു നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ കർശന നടപടികളുമായി ട്രാഫിക് പോലീസ് രംഗത്തിറങ്ങുന്നത്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റില്ലാ യാത്ര, രണ്ടിൽകൂടുതൽ പേരുടെ യാത്ര, വാഹനമോടിക്കുന്പോൾ മൊബൈലിൽ സഞ്ചാരം എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.
ട്രാഫിക് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്താനായി മൊബൈൽ ഫോണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടാതെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നും വാഹനയുടമകളെ കണ്ടെത്തും. ഇതിൽ നിന്നും നന്പർ തിരിച്ചറിഞ്ഞ് നോട്ടീസ് അയയ്ക്കും. തൊടുപുഴയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 47 കാമറകൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് ട്രാഫിക് എസ്ഐ ടി.എം.ഇസ്മയിൽ പറഞ്ഞു.
തൊടുപുഴയിൽ ഇന്നലെ നടത്തിയ കാമറാ നിരീക്ഷണത്തിൽ ഹെൽമറ്റില്ലാതെ വാഹനമോടിച്ച 60 പേർ കുടുങ്ങി. ആരെയും തടഞ്ഞു നിർത്താതെയായിരുന്നു നിരീക്ഷണം നടത്തിയത്. കാമറയിൽ കുടുങ്ങിയ വാഹനങ്ങളുടെ ഉടമകൾക്ക് ഉടൻ തന്നെ നോട്ടീസ് അയയ്ക്കും. ഒരു ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്ത കേസിൽ പിഴയീടാക്കി.
രണ്ടു മാസത്തിനുള്ളിൽ പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന ആപ്പ് ഉപയോഗിച്ചായിരിക്കും വാഹനയുടമകൾക്ക് നോട്ടീസ് നൽകുക. നോട്ടീസ് തപാലിൽ അയക്കുന്ന സംവിധാനം നിർത്തലാക്കും. ഇതിനായുള്ള സോഫ്റ്റ് വെയർ ഉടൻ തന്നെ തയാറാകും. ഇതിനിടെ പോലീസും മോട്ടോർ വാഹന വകുപ്പും ബോധവത്ക്കരണവും താക്കീതും നൽകി വരുന്നുണ്ട്. ഹെൽമറ്റ് പരിശോധനക്കായി ഉദ്യോഗസ്ഥർ റോഡിലിറങ്ങിയതോടെ ഷോറൂമുകളിൽ ഹെൽമറ്റിന്റെ വിൽപ്പനയും വർധിച്ചു.